പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ


2024 | മെയ് 19 | ഞായർ | 1199 | ഇടവം 5 | അത്തം
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചത്. സാഹോദര്യത്തിന്റെ നാടായ ദില്ലിയില്‍ ചൂല് കൈയ്യിലേന്തിയാണ് പോരാട്ടമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ദില്ലിയില്‍ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്തു. മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ആവത്തിച്ച രാഹുല്‍, സംവാദത്തില്‍ ആദ്യം അംബാനിയുമായുള്ള ബന്ധത്തെ കുറിച്ചും പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ചും മോദിയോട് ചോദിക്കുമെന്നും അതോടെ സംവാദം അവസാനിക്കുമെന്നും പരിഹസിച്ചു.

◾ പുണെ – ബെംഗളൂരു – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി ബെംഗളൂരുവില്‍ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും കൊച്ചിയിലേക്ക് പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11 നാണ് സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എമര്‍ജന്‍സി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.

◾ പൂക്കോട് വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് രേഖകള്‍ കൈമാറാത്തതിനാലായിരുന്നു ബിന്ദുവിനെതിരെ നടപടിയെടുത്തത്. സെക്ഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മൂന്നു പേരില്‍ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളില്‍ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേര്‍ത്താണ് സ്ഥാനക്കയറ്റം നല്‍കിയത്.
◾https://dailynewslive.in/ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വി ഡി സതീശന്‍. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകള്‍ക്ക് രക്തസാക്ഷി മണ്ഡപം നിര്‍മ്മിക്കുന്നതിലൂടെ സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾https://dailynewslive.in/ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി വിഷയമുയര്‍ത്തിയാണ് എംഎസ്എഫ് പ്രതിഷേധിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്‍ന്റോള്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു.

◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബാച്ച് വര്‍ധിപ്പിക്കല്‍ സാധ്യമല്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾https://dailynewslive.in/ ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടെന്നും ആളുകളെ എണ്ണിവച്ചിട്ടുണ്ടെന്നും അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. നല്ല ലൈസന്‍സ് സംവിധാനം കേരളത്തില്‍ വേണമെന്നും വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാല്‍ മതിയെന്ന തന്റെ നിലപാടിനൊപ്പമാണ് പൊതുജനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടി രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. പണമായി മാത്രം 849 കോടിയാണ് പിടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. 114 കോടിയുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്.

◾https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ മെയ് 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി എന്ന് കളക്ടര്‍ വ്യക്തമാക്കി.

◾https://dailynewslive.in/ ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വൈകീട്ടോടെയാണ് നന്ദകുമാര്‍ഹാജരായത്. ശോഭാ സുരേന്ദ്രനെതിരെ താന്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരുന്നത്.

◾https://dailynewslive.in/ ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ തൃശൂര്‍ കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ പി.ജി ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

◾https://dailynewslive.in/ ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. കോട്ടയം മുന്‍സിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. മെത്രാപോലീത്തയെ അനുകൂലിക്കുന്നവര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഉത്തരവ്. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

◾https://dailynewslive.in/ അന്ത്യോഖ്യന്‍ ബാവയുടെ കല്‍പനകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ക്നാനായ യാക്കോബായ സമുദായ അസോസിയേഷന്‍ ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന് പിന്തുണ പ്രഖ്യാപിച്ചു. സേവേറിയോസിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സഭയായി ക്നാനായ യാക്കോബായ സഭ തുടരുമെന്നും അസോസിയേഷന്‍ യോഗ ശേഷം സെക്രട്ടറി വ്യക്തമാക്കി.

◾https://dailynewslive.in/ പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ അവരുടെ ഭാവിക്കു ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ സംസാരിച്ചു.

◾https://dailynewslive.in/ ഹെപ്പറ്റൈറ്റിസ് എ വൈറസ് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ ആദ്യത്തെ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

◾https://dailynewslive.in/ മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

◾https://dailynewslive.in/ വയനാട് മുന്‍ കളക്ടര്‍ അഥീല അബ്ദുള്ളയെയും മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കോടതിയിലെ കേസ് നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ് . ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഈ കേസില്‍ എട്ടു പേര്‍ക്കെതിരെയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്. രണ്ട് തവണ കോടതി പ്രതികള്‍ക്ക് കുററപത്രം വായിച്ചു കേള്‍പ്പിക്കാന്‍ നോട്ടീസ് അയച്ചുവെങ്കിലും അവര്‍ അവധി അപേക്ഷ നല്‍കി. വിചാരണ നടപടികളിലേക്ക് കടക്കുമ്പോഴാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ കുറ്റപത്രത്തിനെതിരെ രംഗത്തുവന്നത്.

◾https://dailynewslive.in/ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അങ്ങനെ ഒരു നീക്കം നടന്നെങ്കില്‍ അതില്‍ തെറ്റ് കാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചര്‍ച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കില്‍ അകപ്പെട്ട സിപിഎം അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കില്‍ അതില്‍ തെറ്റില്ലന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ സമര വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾https://dailynewslive.in/ സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തില്ല. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റിയാണ് പ്രധാനം. അതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

◾https://dailynewslive.in/ മേയര്‍ ആര്യ രാജേന്ദ്രനും, കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാഹന വകുപ്പ് യദു ഓടിച്ചിരുന്ന ബസില്‍ നടത്തിയ പരിശോധനയില്‍ ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. കൂടാതെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തി.

◾https://dailynewslive.in/ നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമര്‍പ്പിക്കാം.

◾https://dailynewslive.in/ യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾https://dailynewslive.in/ ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജേഷ് ഓടി രക്ഷപ്പെട്ടു.

◾https://dailynewslive.in/ തൃശൂര്‍ ദേശമംഗലം വരവട്ടൂര്‍ ഭാരതപുഴയുടെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികളെ കണ്ടെത്തി പട്ടാമ്പിയിലെ ആശുപത്രിയിില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

◾https://dailynewslive.in/ കടല്‍തീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. എന്നാല്‍ കടല്‍ തീരത്തെ താല്‍ക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായ ബദല്‍ മാര്‍ഗമാക്കാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 500 ടണ്‍ അവശ്യസാധനങ്ങള്‍ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകള്‍ ഇതുവഴി എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അമൃത്സറില്‍ നടന്ന റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോണ്‍ഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ് നടത്തിയവര്‍ ഓടി രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നും ആംആദ്മി പ്രവര്‍ത്തകരാണ് വെടിവെപ്പിന് പിന്നില്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾https://dailynewslive.in/ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണ് എന്ന കനയ്യകുമാറിന്റ ആരോപണം ബിജെപി നിഷേധിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് പ്രചാരണത്തിനിടെ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥിയായ കനയ്യ കുമാറിനെ രണ്ടുപേര്‍ മര്‍ദിച്ചത്.

◾https://dailynewslive.in/ അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതിയായിയെന്ന് അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം കോണ്‍ഗ്രസ് അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വന്നാല്‍ സമ്പത്ത് എക്സ്റേ നടത്തി കൊണ്ടുപോകുമെന്നും മോദി ആവര്‍ത്തിച്ചു.

◾https://dailynewslive.in/ സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷo . മേയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു.

◾https://dailynewslive.in/ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഹാസന്‍ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്ജ്വല്ലിനെതിരെ വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം.

◾https://dailynewslive.in/ കിര്‍ഗിസ്ഥാനിലെ സംഘര്‍ഷത്തില്‍ അവിടെയുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നുവെന്ന് ഇന്ത്യന്‍ എംബസി. സ്ഥിതി ശാന്തമാണെങ്കിലും പുറത്തിറങ്ങരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

◾https://dailynewslive.in/ പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയം ആവശ്യമായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് തകര്‍ത്തത് പ്ലേ ഓഫിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 54 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിന്റേയും 47 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവില്‍ 219 റണ്‍സെടുത്തു. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 14 പോയിന്റ് വീതമുള്ള ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് പ്ലേ ഓഫിലെത്താന്‍ ബാംഗ്ലൂരിനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.

◾https://dailynewslive.in/ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഇന്ത്യക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. 2024 ലെ ആദ്യ മാസങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി 9.7 കോടി ഇന്ത്യക്കാര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍. ‘ട്രാവല്‍ ട്രെന്‍ഡ്സ് 2024: ബ്രേക്കിംഗ് ബൗണ്ടറീസ് എന്ന പേരില്‍ മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഏഷ്യാ പസഫിക് മേഖലയിലെ 13 വിപണികള്‍ ഉള്‍പ്പെടെ 74 വിപണികളിലെ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നടത്തിയ വിവരശേഖരണമാണ് റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാര്‍ കൂടുതല്‍ അന്തര്‍ ദേശീയ യാത്രകള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തല്‍. 2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 9.7 കോടി യാത്രക്കാര്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തു. 10 വര്‍ഷം മുമ്പ് 9.7 കോടി യാത്രക്കാര്‍ എന്നത് ഒരു വര്‍ഷത്തെ കണക്കായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2019 നെക്കാള്‍ 21 ശതമാനം ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര യാത്രയില്‍ 4 ശതമാനം വര്‍ധനവുണ്ടായി. 2019 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ 53 ശതമാനം വര്‍ധനവുണ്ടായി. വിയറ്റ്‌നാമിലേക്ക് 248 ശതമാനം, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ 59 ശതമാവും വര്‍ധിച്ചു. ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, മെല്‍ബണ്‍ എന്നിവയാണ് ഈ വേനല്‍ക്കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അഞ്ച് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളെന്നും വിമാന ടിക്കറ്റുകളുടെ വില്‍പനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പറയുന്നു.

◾https://dailynewslive.in/ എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സ്വകാര്യം സംഭവബഹുലം’. സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. പെണ്‍ കാറ്റേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്, ആലപിച്ചിരിക്കുന്നത് ശ്രീജിത്ത് സുബ്രഹ്‌മണ്യനും ശ്രുതി ശിവദാസും. അന്നു ആന്റണി, അര്‍ജുന്‍, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

◾https://dailynewslive.in/ അശോക് സെല്‍വനെ നായകനാക്കി നവാഗതനായ ബാലാജി കേശവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘എമക്ക് തൊഴില്‍ റൊമാന്‍സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അവന്തിക മിശ്രയാണ് നായിക. ഒരു പ്രണയകഥ സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന അശോക് എന്ന യുവാവിനെയാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്നത്. അതേസമയം അശോകിന് ഒരു പ്രണയവുമുണ്ട്. 2 മിനിറ്റ് ആണ് ട്രെയ്ലറിന്റെ ദൈര്‍ഘ്യം. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഴകം പെരുമാള്‍, ഭഗവതി പെരുമാള്‍, എം എസ് ഭാസ്‌കര്‍, വിജയ് വരദരാജ്, ബദവ ഗോപി തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി കേശവന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ തുഗ്ലക്ക് ദര്‍ബാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം.

◾https://dailynewslive.in/ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ജിടി ഫോഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ജിടി വെഗാസ്, ജിടി റൈഡ് പ്ലസ്, ജിടി വണ്‍ പ്ലസ് പ്രോ, ജിടി ഡ്രൈവ് പ്രോ എന്നീ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു. ലൈനപ്പിന്റെ എക്സ്-ഷോറൂം വില 55,555 മുതല്‍ 84,555 രൂപ വരെയാണ്. ഇ-സ്‌കൂട്ടര്‍ ലൈനിന് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറന്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍, ഓഫീസില്‍ പോകുന്നവര്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ നഗര ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 55,555 രൂപ വിലയുള്ള ജിടി വെഗാസ് ചുവപ്പ്, ഓറഞ്ച്, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്, 5 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറന്റി. ജിടി വണ്‍പ്ലസ് പ്രോയ്ക്ക് വിപണിയില്‍ 76,555 രൂപയാണ് വില, നീല, വെള്ള, ചുവപ്പ്, തവിട്ട് നിറങ്ങളില്‍ ലഭ്യമാണ്. 84,555 രൂപ വിലയുള്ള ജിടി വണ്‍പ്ലസിന് സമാനമായ സവിശേഷതകളാണ് ജിടി ഡ്രൈവ് പ്രോ വാഗ്ദാനം ചെയ്യുന്നത്.

◾https://dailynewslive.in/ മരണാഭിമുഖ്യം മലയാളനോവലില്‍ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുള്ളപ്പോഴും ഈ നോവല്‍ ജീവിതത്തിലേക്കുള്ള ചില വഴികളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യാദൃച്ഛികതയ്ക്ക് മുഖ്യസ്ഥാനം കല്പിച്ചുകൊണ്ടാണ് നോവലിസ്റ്റ് ബാഹിസിന്റെ കഥ പറയുന്നത്. ജീവിതമൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടണ്ട് മരണത്തിന്റെ നിത്യയാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരാനായിരുന്നു ആധുനികര്‍ക്ക് താത്പര്യം. എന്നാല്‍, പുതിയ നോവലെഴുത്തുകാര്‍ ഇതില്‍നിന്ന് എങ്ങനെ വ്യത്യസ്തരാവുന്നു എന്നാണ് നാം ആലോചിക്കേണ്ടത്. ‘മൃത്യുയോഗം’. അക്ബര്‍ കക്കട്ടില്‍. ഡിസി ബുക്സ്. വില 189 രൂപ.

◾https://dailynewslive.in/ പ്രമേഹം പോലെ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒരു ജീവിതശൈലി രോഗമാണ്. ഹൃദ്രോഗങ്ങളുടെ മൂല കാരണങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ലോകത്ത് 128 കോടി ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടെയാണ് ജീവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രക്തസമ്മര്‍ദ്ദം പലപ്പോഴും രോഗലക്ഷങ്ങള്‍ ഒന്നും പ്രകടമാക്കാറില്ലെന്നാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും ചിലര്‍ക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛര്‍ദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാര്‍ഗം. ഡയറ്റില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക. അമിതവണ്ണം ഒഴിവാക്കാന്‍ ശ്രമിക്കുക. കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക.

ശുഭദിനം
കവിത കണ്ണന്‍
ആ യാചകന്‍ അയാളുടെ ഹോട്ടലിന് അടുത്ത് വന്നിരുന്നാണ് എന്നും റൊട്ടികഴിക്കാറ്. ഒരു ദിവസം ഹോട്ടലുടമ അയാളോട് കാര്യമന്വേഷിച്ചു. യാചകന്‍ പറഞ്ഞു: ഇവിടെ പാചകം ചെയ്യുന്ന കറിക്ക് നല്ല മണമാണ്. ആ മണം ആസ്വദിച്ചാണ് ഞാന്‍ റൊട്ടി കഴിക്കുക. അപ്പോള്‍ ആ കറി കൂട്ടി കഴിക്കുന്നത് പോലെ എനിക്ക് തോന്നും. ഇത് കേട്ട ഹോട്ടലുടമ തനിക്ക് ആ കറിയുടെ കാശ് വേണമെന്നായി. രണ്ടുപേരും തര്‍ക്കമായി. തര്‍ക്കം അവിടത്തെ ന്യായാധിപന്റെ മുന്നിലെത്തി. അദ്ദേഹം ഒരു സഞ്ചി നിറയെ നാണയം കൊണ്ട് വന്ന് ഹോട്ടലുടമയുടെ മുന്നില്‍ വെച്ച് കിലുക്കിയതിന് ശേഷം പറഞ്ഞു: ഇപ്പോള്‍ താങ്കള്‍ക്ക് പണം കിട്ടിയിരിക്കുന്നു. ഇനി തിരിച്ചുപോകാം. തനിക്ക് ഒന്നും കിട്ടിയില്ലല്ലോ എന്നായി ഹോട്ടലുടമ. അപ്പോള്‍ ന്യായാധിപന്‍ പറഞ്ഞു: താങ്കളുട കടയിലെ കറിയുടെ ഗന്ധം ഇയാളുടെ നാവില്‍ കിട്ടിയെങ്കില്‍ ഈ നാണയങ്ങളുടെ കിലുക്കം ഉറപ്പായും പണമായി താങ്കളിലേക്ക് എത്തിയിരിക്കും.. ഹോട്ടലുടമ തലതാഴ്ത്തി തിരിച്ചുപോയി. ഏത് ഇടപാടിലും തന്റെ പോക്കറ്റിലെത്ര വീഴും എന്ന് ശ്രദ്ധിക്കുന്നവര്‍ ധാരാളമുണ്ട്. പ്രീണിപ്പിച്ചും പേടിപ്പിച്ചും അവര്‍ ആളുകളെ വരുതിയിലാക്കും. നല്‍കുന്നവയിലെല്ലാം നന്മയും നല്ലതും വേണമെന്ന നിര്‍ബന്ധം സമൂഹത്തോടുളള ഉത്തരവാദിത്വമാണ്. അര്‍ഹതയുളളത് മാത്രം സ്വീകരിക്കാനും അര്‍ഹതയുളളത് നല്‍കാനും ഉള്ള പക്വത നമ്മിലുണ്ടാകട്ടെ, നല്‍കുന്നത് നന്മയാകട്ടെ – ശുഭദിനം.
➖➖➖➖➖➖➖➖