ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍ . ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫോറിലാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്പ്രവര്‍ത്തനമാരംഭിച്ചത്‌.

13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്ര്‍ പാര്‍ക്കിനായി അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക ആരംഭിക്കാനും കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെ പൂര്‍ത്തിയാവും. അതോടെ പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ സാധ്യതകൾക്കനുസരിച്ച് സംസ്ഥാനം അതിവേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണു സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു സയൻസ് പാർക്കുകളിൽ ഒന്നാണു ഡിജിറ്റൽ സയൻസ് പാർക്ക്. നിലവിലെ സാങ്കേതിക അറിവുകളെ ഗവേഷണത്തിലൂടെ നവീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഉയർന്ന നിലവാരത്തിലുള്ള മാനവ വിഭവശേഷിയെ ഇതിനായി ഉപയോഗിക്കാൻ കഴിയണം.

രണ്ടു വർഷം മുൻപ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചിപ്പ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലായി സ്പെയിൻ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഭാഗമാകുകയാണ്. വിജ്ഞാന വ്യവസായ മേഖലയുടെയും ഗവേഷണങ്ങളുടെയും വളർച്ചക്കും ഉന്നത വിദ്യാഭ്യാസമേഖലയുടെ  സമൂലമായ മാറ്റത്തിനും മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കുവഹിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് ഐടി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സ്വാഗതമാശംസിച്ചു