ദുരന്ത നിവാരണ നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തം.

കാലവർഷത്തിനു മുന്നോടിയായി ദുരന്ത നിവാരണ നടപടികൾക്കായി സർക്കാർ നിർദ്ദേശം വന്നെങ്കിലും നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കുന്നതിന് നിർദ്ദേശം നിലനിൽക്കുമ്പോൾ നിരവധി ഉണങ്ങിയ മരങ്ങളാണ് നെന്മാറ പോത്തുണ്ടി റോഡിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. അളുവശ്ശേരി കുരിശുപള്ളിക്ക് സമീപം കൂറ്റൻ പാലമരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കൽനാട് ഉണങ്ങിയ ആൽമരവും, പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലെ വാഹന പാർക്കിങ്ങിന് സമീപമുള്ള കൂറ്റൻ മരവും കൂടാതെ ഇതേ പാതയോരത്ത് നിരവധി സ്ഥലങ്ങളിൽ ഭീമൻ മരക്കൊമ്പുകളും ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് റവന്യൂ അധികൃതർക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും പഞ്ചായത്തുകൾക്ക് നാമമാത്രമായ തുകയാണ് മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അനുവാദമുള്ളൂവെന്നും മുറിച്ചുമാറ്റിയ മരം അതാത് വകുപ്പുകൾ ലേലം ചെയ്യേണ്ടതാണെന്നുമാണ് നിർദേശം. വിലകുറഞ്ഞ മരങ്ങളായതിനാൽ വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം നിശ്ചയിക്കുന്ന നിരക്കിൽ ലേലം എടുക്കാൻ ആൾ വരാത്തതും പ്രതിസന്ധിയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

പോത്തുണ്ടി ഉദ്യാനത്തിന് മുൻവശം വാഹന പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ മരം.👇