വാർത്താ കേരളം
പ്രഭാത വാർത്തകൾ
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷം
🖱️ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷമായിരിക്കുമെന്ന് സൂചന നൽകി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ രാജീവ് കുമാർ. സമ്പൂർണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുകയാണെന്ന് രാജീവ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിൽ കമ്മിഷൻ നടത്തിവന്ന സന്ദർശനം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യ സമയത്തു തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം; വാദം കേള്‍ക്കൽ 21 ലേക്ക് മാറ്റി
🖱️സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇത് കേരളം തള്ളുകയായിരുന്നു. നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം. എന്നാൽ അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 9 മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
എസ്ബിഐ ഇലക്റ്ററൽ ബോണ്ട് വിവരങ്ങൾ കൈമാറി
🖱️സുപ്രീം കോടതി നിർദേശപ്രകാരം ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, 2019 മുതൽ 2024 വരെ 22,217 ബോണ്ടുകളാണ് വിവിധ വ്യക്തികളോ സ്ഥാപനങ്ങളോ എസ്ബിഐയിൽ നിന്നു വാങ്ങിയിട്ടുള്ളത്. ഇതിൽ 22,030 എണ്ണം വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഉപയോഗിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഒരു ബോണ്ടിന്‍റെ ഏറ്റവും കുറഞ്ഞ മൂല്യം. ആയിരം, പതിനായിരം, ഒരു ലക്ഷം എന്നിങ്ങനെ മൂല്യമുള്ള ബോണ്ടുകളാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എസ്ബിഐയിൽനിന്ന് ലഭിച്ചിട്ടുള്ളത്
സിഎഎക്കെതിരെ ഡൽഹി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം, അറസ്റ്റ്
🖱️പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി സർവകലാശാലയിൽ ബുധനാഴ്ചയും പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ മർദിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുദ്രാവാക്യമുയർത്തി ക്യാമ്പസിനു പുറത്തേക്കുവന്ന പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മർദിച്ചത്. തുടർന്ന് വിദ്യാർഥികളെ ക്യാമ്പസിന് പുറത്താക്കി. ഇതോടെ പൊലീസെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്മജയ്ക്കെതിരായ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി യോഗത്തിൽ വിമർശനം
🖱️ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തിൽ വിമർശനം. പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്നു ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
എറണാകുളത്ത് ആദ്യമായി ‘ലൈം രോഗം’ സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് 10 വര്‍ഷത്തിനു ശേഷം
🖱️എറണാകുളം ജില്ലയിൽ ആദ്യമായി അപൂർവരോഗമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ബൊറേലിയ ബർഗ്ഡോർഫെറി’ എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്‍റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്.
സർക്കാർ അറിയാതെ പുൽവാമ ആക്രമണം നടക്കില്ല; കശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് ആന്റോ ആന്റണി
🖱️പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചെന്നും ആന്റോ ആന്റണി പറഞ്ഞു.
ബിജെപിയുടെ രണ്ടാംഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി
🖱️കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് സിങ് ഠാക്കുർ, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ എന്നിവരുൾപ്പെടുന്ന ബിജെപിയുടെ രണ്ടാംഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 10 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തമിഴ്നാടും കേരളത്തിലെ ബാക്കി നാലു സീറ്റുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഗഡ്കരി നാഗ്പുരിലും പ്രഹ്ലാദ് ജോഷി ധർവാഡിലും ഗോയൽ മുംബൈ നോർത്തിലും ജനവിധി തേടും. ബംഗളൂരു നോർത്തിൽ ശോഭ കരന്ദ്‌ലജെയും ബംഗളൂരു റൂറലിൽ തേജസ്വി സൂര്യയും വീണ്ടും ജനവിധി തേടും. ത്രിവേന്ദ്ര സിങ് റാവത്താണ് ഹരിദ്വാറിലെ സ്ഥാനാർഥി.
2 ലക്ഷം രൂപയുടെ കാൻസർ മരുന്നുകൾ എന്ന പേരിൽ വിറ്റത് 100 രൂപയുടെ ആന്‍റി ഫംഗൽ മരുന്നുകൾ
🖱️വ്യാജ ക്യാൻസര്‍ മരുന്നുകളുടെ വിൽപ്പന നടക്കുന്നതായി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 8 പേർ പിടിയിലായതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ 100 രൂപ വിലയുള്ള ആന്‍റി ഫംഗൽ മരുന്നുകൾ കലർത്തിയ കുപ്പികളാണ് ‘ജീവൻ രക്ഷാ’ കാൻസർ മരുന്നുകൾ എന്ന പേരിൽ വിറ്റിരുന്നത്. ഇവ കാൻസർ മരുന്നുകളെന്ന പേരിൽ രാജ്യത്തും ചൈനയിലും യുഎസിലുമായി വിൽപ്പന നടത്തിയിരുന്നു. ഒരു കുപ്പിക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ വിലയിട്ടാണ് വിൽപ്പന നടത്തിയിരുന്നത്.
ഇലക്ടറൽ ബോണ്ട്: വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും
🖱️സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചൊവ്വാഴ്ച എസ്ബിഐ കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷനും എക്‌സിലൂടെ അറിയിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന നടക്കുക.
പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
🖱️പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുത്തത്. മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
രാഷ്ട്രപതിയുടെ അംഗീകാരം; ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
🖱️ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. വിജ്ഞാപനത്തിന് പിന്നാലെ ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബഹുഭാര്യാത്വം , ശൈശവ വിവാഹ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നീ നിര്‍ദേ ശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ
🖱️മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ. മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ മാറ്റം.കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെതാണ് തീരുമാനം.
യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു
🖱️കേരള കേഡർ ഐ പി എസ് ഒഫിസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി . ഏതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് സംസ്ഥാന സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് പുതിയ നിയമനം. കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു.
നിയമ വിരുദ്ധമായി സ്ഥാപിച്ച ആർച്ചുകളും ബോർഡുകളും ഉടൻ നീക്കണം: ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
🖱️അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യാൻ മനുഷ്യാവകാശ കമ്മീഷൻറെ നിർദേശം . ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പറഞ്ഞു. അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കർശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മാലിന്യ ശേഖരണത്തിന് ‘ആക്രി’ ആപ്പ്
🖱️സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ച് ചാലക്കുടി നഗരസഭ പുതിയൊരു മൊബൈൽ ആപ് വഴി സാനിറ്ററി നാപ്കിന്‍, ഡയപര്‍, മറ്റു ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ സൗജന്യമായി ആഴ്ചയില്‍ രണ്ടു ദിവസം വീടുകളില്‍ വന്ന് ശേഖരിക്കും. ആക്രി എന്ന ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താല്‍ സ്വകാര്യ ഏജന്‍സി അതത് വീടുകളില്‍ വന്ന് മാലിന്യങ്ങള്‍ ശേഖരിക്കും. ഏജന്‍സിക്ക് നല്‍കേണ്ട തുക മൂന്ന് മാസം നഗരസഭ തന്നെ നല്‍കും. ക്ലീന്‍ ചാലക്കുടിക്കായി നഗരസഭയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്. A Kerala Recycle Initiatives എന്നതിന്‍റെ ചുരുക്കമാണ് AAKRI.
ദീപ്തിമേരി വർഗീസിനെ പരിഹസിച്ച് പി.രാജീവ്
🖱️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയാക്കാനായി സിപിഎം നേതാക്കൾ സമീപിച്ചെന്ന ദീപ്തി മേരി വർഗീസിന്‍റെ ആരോപണത്തോട് പ്രതികരണവുമായി മന്ത്രി പി.രാജീവ്. ദീപ്തിമേരി വർഗീസിനെ സിപിഎം നേതാക്കളാരും സമീപിച്ചിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി. ചില ആൾക്കാർക്ക് ഇങ്ങനെ വെളിപ്പെടുത്തലൊക്കെ നടത്തി രാഷ്ട്രീയത്തിലുണ്ടെന്ന് അറിയിക്കണ്ടേയെന്നും രാജീവ് പരിഹസിച്ചു.
ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ യെലോ അലർട്ട്
🖱️ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം. ഈ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2-4 ഡിഗ്രി സെഷ്യൻസ് വരെ ഉയർന്നേക്കുമെന്നാണു പ്രവചനം. മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ താപനില 38°C വരെയും, തൃശൂർ ജില്ലയിൽ താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36°C വരെയുമാണ് കൂടുക.
‘മാരിവില്ലിൻ ഗോപുരങ്ങൾ’; സിനിമ നിർമാതാക്കൾക്കെതിരെ നൽകിയ വ്യാജ ഹർജി തള്ളി കേരള ഹൈക്കോടതി
🖱️’മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയുടെ വിതരണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് സിനിമയുടെ നിർമാതാക്കൾക്കെതിരെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. സിനിമയുടെ വിതരണം നൽകാമെന്ന് വാഗ്ദാനം നൽകി പണം കൈപ്പറ്റിയശേഷം വഞ്ചിച്ചെന്നാണ് ഹർജിയിൽ പ്രതിപാതിച്ചിരുന്നത്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഹർജി നിലനിൽക്കില്ലന്ന് കോടതി ഉത്തരിവിട്ടു.
മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി
🖱️വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്‍റെ വീടിന്‍റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.ചെവ്വാഴ്ച രാത്രി 9.15 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയെ താത്കാലികമായി സുൽത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.
നേര്യമംഗലത്ത് ഒറ്റക്കൊമ്പൻ, മൂന്നാറിൽ കട്ടക്കൊമ്പൻ; ഭീതിയിൽ ജനം
🖱️ഇന്ദിര കൊല്ലപ്പെട്ടതിനു സമീപത്ത് വീണ്ടും ആനയിറങ്ങി. രാത്രി ഇറങ്ങിയ ആന പുലർച്ചെയോടെയാണ് കാട് കയറിയത്. വ്യാപക കൃഷിനാശമാണ് ആന മേഖലയിലുണ്ടാക്കിയത്. നാല് ഏക്കറോളം കൃഷി നശിപ്പിച്ചു. ഭാസ്‌കരന്‍, രവി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. ആളുകൾ ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. അതേസമയം വനംവകുപ്പിനെ അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സിഎഎ റദ്ദാക്കണം: നിയമപോരാട്ടം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
🖱️പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും’; കെ സുരേന്ദ്രൻ
🖱️പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ”പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും. തിരുവനന്തപുരത്ത് വച്ചാവും ഇവർ പാർട്ടി അംഗത്വം എടുക്കുക. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തും.” കെ സുരേന്ദ്രൻ പറഞ്ഞു.
ചൈനയിൽ ഉഗ്രസ്ഫോടനം; ഒരു മരണം
🖱️ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങ്ങിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. രാവിലെ എട്ടുമണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അന്ധിരക്ഷാസേന പ്രതികരിച്ചു.
ശബരി കെ- റൈസ് വിപണിയിൽ
🖱️സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ- റൈസ് വിപണിയിൽ. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പ്രതികൂല സാഹചര്യങ്ങളിലും ഒരൊറ്റ ക്ഷേമ- വികസന പദ്ധതിയിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ലെന്നും ഈ നിലപാടിന്‍റെ ദൃഷ്ടാന്തമാണു ശബരി കെ- റൈസെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
🖱️ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ മത്സരത്തിൽ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6035 രൂപ
പവന് 48280 രൂപ