-
ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന.
പാലക്കാട് : മുതലമട പഞ്ചായത്തിലെ അനധികൃത കരിങ്കൽ ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന. മൂച്ചംകുണ്ട്, ഇടുക്കപ്പാറ എന്നിവിടങ്ങളിലെ അഞ്ച് ക്വാറികളിലും ഇടുക്കപ്പാറ, കരടിക്കുന്ന്, ഊർകുളംകാട് എന്നിവിടങ്ങളിലെ 18 ഇഷ്ടിക നിർമാണ കേന്ദ്രങ്ങളിലുമാണ് വ്യാഴാഴ്ച പുലർച്ചെ പരിശോധന നടത്തിയത്. പരിശോധനയിൽ 18,000 മെട്രിക് ടൺ കരിങ്കല്ലും 5,000 മെട്രിക് ടൺ ഇഷ്ടികകളും പിടിച്ചെടുത്തു.
നിർമാണം നിർത്തണമെന്ന് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടും പ്രവർത്തനം തുടരുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത നിർമാണം നടത്തിയതിന് ക്വാറി ഉടമകൾക്കും ഇഷ്ടിക നിർമാതാക്കൾക്കും എതിരേ പിഴ ചുമത്തും.
സർക്കിൾ ഇൻസ്പെക്ടർ ഫിലിപ് സാമിന്റെയും അസിസ്റ്റന്റ് ജിയോളജിസ്റ്റ് വി.ജെ. രാഹുലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലൻസ് എസ്.ഐ.മാരായ ബി. സുരേന്ദ്രൻ, കെ. മനോജ്കുമാർ, എ.എസ്.ഐ. സതീഷ് തുടങ്ങിയവരടങ്ങുന്ന പരിശോധന സംഘത്തിൽ മുതലമട വില്ലേജ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.