വാർത്തകൾ ചുരക്ക
? കേരളീയം ?
?️ വിഴിഞ്ഞം തുറമുഖത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി തലസ്ഥാനത്തെ മന്ത്രിമാര്‍. നാളെ(ഞായറാഴ്ച) വൈകീട്ട് നാലിന് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി വരവേല്‍ക്കും.തുറമുഖത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.നാലിന് ചടങ്ങുകള്‍ ആരംഭിക്കും. ബെര്‍ത്തിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പലിനെ ഔദ്യോഗികമായി വരവേല്‍ക്കും. പതാക വീശല്‍, ബലൂണ്‍ പറത്തല്‍, വാട്ടര്‍ സല്യൂട്ട് എന്നിവക്ക് ശേഷം സ്റ്റേജിലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് കടക്കും.തലസ്ഥാനത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ.ആന്റണി രാജു,അഡ്വ. ജി ആര്‍ അനില്‍ എന്നിവര്‍ തുറമുഖത്തെത്തി ചടങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. അയ്യായിരം പേര്‍ക്ക് ഇരുന്ന് പരിപാടി കാണാൻ സൗകര്യമുള്ള വേദിയാണ് ഒരുക്കിയിട്ടുള്ളത് എന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കും. തലസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെ തന്നെയും വികസന സ്വപ്നങ്ങള്‍ക്ക് ശക്തിയുള്ള ചിറകുകള്‍ നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനെ വൻവിജയം ആക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യര്‍ഥിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഡി. സുരേഷ്‌കുമാര്‍, തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
?️ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും.വേതന വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
?️ അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്.പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.എം.എസ്.എ. ബാധിച്ച കുട്ടികളെ ഏറ്റവും അലട്ടുന്ന പ്രശ്‌നമാണ് ശ്വാസകോശത്തില്‍ കഫം കെട്ടുന്നത്. ഇതിന് ഏറ്റവും ഫലപ്രദമാണ് ചെസ്റ്റ് ഫിസിയോതെറാപ്പി. പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
?️ തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17-ഓടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യത. ഒക്ടോബര്‍ 14 മുതല്‍ 18 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
?️ ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു.ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250 രൂപ പിഴയായി ഈടാക്കി.
?️ തൃശൂര്‍ കുന്നംകുളത്ത് നടക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായിക ഉത്സവത്തില്‍ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബര്‍ 16 മുതല്‍ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. മൂവായിരത്തില്‍ പരം മത്സരാര്‍ത്ഥികളാണ് ഈ കായിക മേളയില്‍ പങ്കെടുക്കും. 64-ആമത് സ്‌കൂള്‍ കായിക മേള, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയില്‍ ഈ വര്‍ഷവും പകലും രാത്രിയും ആയിട്ടാണ് മത്സരങ്ങള്‍ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
?️ വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.സര്‍ക്കാര്‍ കൈമലര്‍ത്തിയതോടെ അന്നമൂട്ടുന്നവരുടെ അന്നംമുട്ടുന്ന സ്ഥിതിയാണ്. മൂന്നര വര്‍ഷം മുമ്പാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 രൂപക്ക് ഊണ്‍ ലഭ്യമാക്കുന്നതിനായി ജനകീയ ഹോട്ടല്‍ ആരംഭിച്ചത്.സബ്സിഡി തുക കുടുംബശ്രീയും കറന്റ് ചാര്‍ജ് തദ്ദേശ സ്ഥാപനങ്ങളും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഹോട്ടലുകള്‍ തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും ഒരു രൂപ പോലും സബ്സിഡി ലഭിക്കാതായതോടെ ഹോട്ടല്‍ നടത്തിപ്പുകാര്‍ പ്രക്ഷോഭം നടത്തിയതോടെ 2022 വരെയുള്ള കുടിശ്ശിക നല്‍കി. എന്നാല്‍, കഴിഞ്ഞ എട്ട് മാസത്തോളമായി കുടിശ്ശിക തുക ലഭിക്കാനുണ്ട്. അതിനിടെ 20 രൂപ 30 രൂപയായി ഉയര്‍ത്തിയും കെട്ടിട വാടക തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന ഉത്തരവിറക്കിയും കുടുംബശ്രീ തടിയൂരി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളാകട്ടെ കറന്റ് ചാര്‍ജ് ഇനത്തില്‍ തന്നെ ലക്ഷങ്ങള്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് നല്‍കാനുണ്ട്. അതിനിടയിലാണ് വാടക കൂടി നല്‍കണമെന്ന ഉത്തരവിറങ്ങിയത്. ഇതോടെ ഹോട്ടലുടമകള്‍ വാടകത്തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലായി. ജില്ലയില്‍ 29 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ഇതിനകം പൂട്ടി. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ബാക്കി കൂടി അടച്ചു പൂട്ടുകയോ സാധാരണ ഹോട്ടലുകളായി മാറുകയോ ചെയ്യുന്ന സ്ഥിതിയാണ്.
?️ അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മകന്റെ മര്‍ദനമേറ്റ മാതാവ് മരിച്ചു.കാസര്‍കോട് നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേല്‍പ്പിച്ചത്. പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നു പുലര്‍ച്ചെയാണ് രുഗ്മിണി മരിച്ചത്.സംഭവത്തില്‍ സുജിത്തിനെ നീലേശ്വരം സി.ഐ കെ. പ്രേംസദൻ അറസ്റ്റു ചെയ്തു. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ പ്രതിക്ക് മാനസീക വൈകല്യമുള്ളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഇയാളെ ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. സുമിത് ആണ് രുഗ്മിണിയുടെ മറ്റൊരു മകൻ.
?️ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 12 കൊല്ലം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഉളിക്കല്‍ സ്വദേശി എൻ. ദീപകിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ച് പെണ്‍കുട്ടിയെ പുതിയ മൊബൈല്‍ ഫോണ്‍ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
?️ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി വീട്ടില്‍ അതിക്രമിച്ച് കയറി ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 29 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ.പാവറട്ടി ചിറ്റാട്ടുകര വാഴപ്പിലാത്ത് വീട്ടില്‍ പ്രണവിനെയാണ് (24) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.2017, 2018 വര്‍ഷങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയും ചെയ്തെന്നാണ് കേസ്.
?️ ബൈക്കുകള്‍ തമ്മില്‍ തട്ടിയ വിരോധത്തില്‍ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍കൂടി പിടിയിലായി.തേവലക്കര നടുവിലക്കര കൃഷ്ണാലയത്തില്‍ മിഥുൻ കൃഷ്ണ (31), നിഥിൻ കൃഷ്ണ (30) എന്നിവരാണ് ചവറ പൊലീസിന്‍റെ പിടിയിലായത്.പന്മന മേക്കാട് സെന്‍റ് ആന്‍റണീസ്ഡെയ്ലില്‍ അഗസ്റ്റിനെയും ബന്ധു ജോയലിനെയുമാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞമാസം വെട്ടിയത്. അഗസ്റ്റിന്‍റെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുള്ള വിരോധം മൂലമാണ് ആക്രമണം. ബന്ധു ജോയലിനൊപ്പം ബൈക്കില്‍ വീടിന് സമീപം നില്‍ക്കുമ്പീഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞുവന്ന അഗസ്റ്റിൻ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് നേരേത്തതന്നെ പിടികൂടിയിരുന്നു
?️ ചെറുകാട് സാഹിത്യ പുരസ്കാരം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണയുടെ 9 mm ബരേറ്റ എന്ന നോവലിന്.അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിജിയുടെ വധവും ബന്ധപ്പെട്ട ഗൂഢാലോചനയുമാണ് നോവലിന്റെ പ്രമേയം.
?? ദേശീയം
?️ ഓപറേഷൻ അജയ്’യുടെ ഭാഗമായി രണ്ടാമത്തെ പ്രത്യേക വിമാനത്തില്‍ ഇസ്രായേലില്‍ നിന്ന് 235 പേര്‍ കൂടി തിരിച്ചെത്തി.തിരിച്ചെത്തിയവരില്‍ രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടും. ടെല്‍അവീവില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യൻ പൗരന്മാരുമായി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ‘ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ 447 പേര്‍ മടങ്ങിയെത്തി.
?️ ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലില്‍ നിന്ന് പുറപ്പെട്ടു.ടെല്‍അവീവ് വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘം വിമാനമിറങ്ങും.’ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരുമായി ആദ്യ വിമാനം വെള്ളിയാഴ്ചയും രണ്ടാമത്തെ വിമാനം ഇന്നും ഡല്‍ഹിയില്‍ എത്തിയിരുന്നു. ആദ്യ വിമാനത്തില്‍ ഏഴു മലയാളികള്‍ ഉള്‍പ്പെടെ 212 പേരും രണ്ടാമത്തെ വിമാനത്തില്‍ രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടെ 235 പേരും തിരിച്ചെത്തി. ഇതുവരെ 447 പേരാണ് മടങ്ങിയെത്തിയത്.യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഒക്ടോബര്‍ 11നാണ് കേന്ദ്ര സര്‍ക്കാര്‍ ‘ഓപറേഷൻ അജയ്’ പ്രഖ്യാപിച്ചത്.18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഫലസ്തീനില്‍ പതിനേഴും. രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സ്, വിദ്യാര്‍ഥികള്‍, ഐ.ടി ജീവനക്കാര്‍, വജ്ര വ്യാപാരികള്‍ എന്നിവരാണ് ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ അധികവും.
?️ കോണ്‍ഗ്രസ് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ജി.കിഷൻ റെഡ്ഡി. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ക്കെ അഴിമതിയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന അജണ്ടയെന്നും അദ്ദേഹം ആരോപിച്ചു.അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് തെലങ്കാനയെ കൊള്ളയടിക്കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ രീതിയിലും പരാജയമാണ്. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. അഴിമതിപാര്‍ട്ടിയാണ് കോണ്‍ഗ്രസ്.സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ക്കെ അഴിമതിയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന അജണ്ട”- കിഷൻ റെഡ്ഡി പറഞ്ഞു.
?️ ഇന്ത്യന്‍ ജനതയുടെ അസമത്വം മാറാന്‍ ജാതി സെന്‍സ് അനിവാര്യമാണെന്ന് റിട്ട. അസി.ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എസ്.കെ ബിശ്വാസ്.ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ രാജരത്‌ന അംബേദ്കര്‍ നേതൃത്വം നല്‍കുന്ന സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ (ഭരണഘടനാ സംരക്ഷണ സമിതി) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
?️ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് പൊന്നല ലക്ഷ്മയ്യയെ ബി.ആര്‍.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ.ടി രാമറാവു.ഞങ്ങള്‍ അദ്ദേഹത്തെ ബി.ആര്‍.എസിലേക്ക് ക്ഷണിക്കുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അനുയോജ്യമായ പദവി നല്‍കും. നാളെ അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഒക്ടോബര്‍ 16 നടക്കുന്ന പൊതുപരിപാടിയിലായിരിക്കും ബി. ആര്‍ എസില്‍ ചേരുന്നത്”- രാമറാവു പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ ചേരുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പൊന്നല ലക്ഷ്മയ്യ നിഷേധിച്ചു.തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ വെള്ളിയാഴ്ചയാണ് പൊന്നല ലക്ഷ്മയ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. “അന്യായമായ അന്തരീക്ഷം” ചൂണ്ടിക്കാട്ടി മുൻ പി.സി.സി അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ മല്ലികാര്‍ജുൻ ഖാര്‍ഗെക്ക് രാജിക്കത്തയക്കുകയായിരുന്നു.
?️ ഇൻഡ്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്.ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താൻ മാത്രമാണ് ഇൻഡ്യ സഖ്യം ഒത്തുചേരുന്നത്. കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളെ തെരഞ്ഞെടുക്കണമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി സ്നേഹത്തിന്‍റെ കമ്പോളത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്നേഹം വരുന്നത് മനസില്‍ നിന്നാണെന്നും പ്രധാനമന്ത്രി മോദിയുടെ മനസില്‍ സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?️ ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്ന് കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരി.ഫാര്‍മേഴ്സ് കണ്‍വെൻഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.ഹൈദരാബാദില്‍ ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന ഭാഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കൊണ്ട് ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് പറയുന്നവര്‍ നരകത്തില്‍ പോകും. നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ പാകിസ്താൻ കീ ജയ് എന്ന് പറയാൻ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവര്‍ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ. ഹിന്ദുസ്ഥാനില്‍ വിശ്വസിക്കാതെ, പാകിസ്താനില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.ആന്ധ്രാപ്രദേശിനും തെലങ്കാനക്കുമിടയില്‍ നദീജലം വിഭജിക്കുന്നത് നിയന്ത്രിക്കുന്ന കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണലിന്റെ പരിശോധന വിഷയങ്ങള്‍ കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച സാഹചര്യത്തിലാണ് ബി.ജെ.പി കര്‍ഷക കണ്‍വെൻഷൻ സംഘടിപ്പിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസിനെയും മന്ത്രി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് എന്ന പേര് മോഷ്ടിച്ചത് പോലെ കോണ്‍ഗ്രസ് ഇന്ത്യ എന്ന പേരും മോഷ്ടിച്ചിരിക്കുകയാണെന്നും ഗാന്ധിയെയും ഇവര്‍ മോഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
?️ മണിപ്പൂരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യവനിത ജഡ്ജിയായി ഗായ്ഫുല്‍ ഷില്ലു കബുയി ചുമതലയേറ്റു. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള എൻ.സെന്തില്‍ കുമാര്‍, ജി.അരുണ്‍ മുരുകൻ എന്നിവരും മദ്രാസ് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റിട്ടുണ്ട്. മുരുകൻ ഒ.ബി.സി വിഭാഗത്തില്‍ നിന്നാണ്. സെന്തില്‍ കുമാര്‍ പട്ടിക ജാതി വിഭാഗക്കാരനും. മണിപ്പൂര്‍ ഹൈകോടതിയില്‍ നിന്ന് രജിസ്ട്രാര്‍ ജനറല്‍ ആയി വിരമിച്ച വ്യക്തിയാണ് കബുയി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സൻജീവ് ഖന്ന എന്നിവരുള്‍പ്പെടുന്ന സുപ്രീംകോടതി കൊളിജിയം നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് ഇവരുടെ നിയമനം.മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 2018 മുതല്‍ രാജ്യത്ത് നിയമിക്കപ്പെട്ട 575 ഹൈക്കോടതി ജഡ്ജിമാരില്‍ ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് 67 പേരും പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് 17 പേരും പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഒമ്ബതു പേരുമാണുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടാകണമെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി വരുന്നത്.
?️ ഫലസ്തീൻ-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ നടന്ന ഫലസ്തീൻ പ്രാര്‍ഥന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രക്തച്ചൊരിച്ചിലുകള്‍ ഇല്ലാതെ സമാധാനാന്തരീക്ഷത്തില്‍ ഇസ്രായേല്‍ ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിലും ഇന്ത്യ മുൻപന്തിയില്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
?️ കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെ അപമാനിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തക ശകുന്തള നടരാജന് എതിരെ കര്‍ണാടക പൊലീസ് കേസെടുത്തു.ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.ബി.ജെ.പി പ്രവര്‍ത്തക പങ്കുവെച്ച പോസ്റ്റ് വ്യാജവും വ്യാജവുമാണെന്ന് വസ്തുത പരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.ചിത്രം പ്രശ്‌നമുണ്ടാക്കാൻ മനഃപൂര്‍വം എടുത്തതാണെന്നും എഡിറ്റ് ചെയ്തതാണെന്നും പൊലീസ് സൂചിപ്പിച്ചു.
?️ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹരജി. രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് അൻസാരിയാണ് ഹരജി നല്‍കിയത്.സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ സെൻസര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യം. സിനിമ പരിശോധിക്കാൻ പാനലിന് രൂപംനല്‍കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്സെ, സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ എന്നിവരുടെ പാനലിന് രൂപം നല്‍കി. ഇവര്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചെലവ് ഹരജിക്കാരൻ വഹിക്കണം. സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പാനലിനോട് കോടതി ആവശ്യപ്പെട്ടു. വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിക്കാണെന്നാണ് സിനിമ പറയുന്നതെന്നും ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ ‘ഹീറോ’ ആക്കുന്നുവെന്നും ഹരജിക്കാരൻ ആരോപിച്ചു. ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ആരോപിക്കുന്നു.
നവംബര്‍ ഏഴിന് നടക്കുന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം മിസോറാമില്‍ പ്രചാരണം നടത്തും.തിങ്കളാഴ്ച മുതല്‍ അദ്ദേഹം സംസ്ഥാനത്തുണ്ടാകുമെന്നും ആദ്യ ദിവസം ചന്ദ്‌മാരി ജംഗ്‌ഷൻ മുതല്‍ ഐസ്‌വാളിലെ ട്രഷറി ഭവൻ വരെ ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്ററും മിസോറമിന്റെ ചുമതലക്കാരനുമായ മാത്യു ആന്റണി പറഞ്ഞു.
? അന്താരാഷ്ട്രീയം ?
?️ 24 മണിക്കൂറിനിടെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 324 പേര്‍ക്ക് ജീവൻ നഷ്ടമായെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം.1000 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 66 ശതമാനം പേരും കുട്ടികളും സ്ത്രീകളുമാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1900 ഫലസ്തീൻകാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7,696 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 1300 ആണ്. ഗാസ സ്ട്രിപ്പില്‍ ഇതുവരെ 1300 കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തുവെന്ന് യു.എൻ അറിയിച്ചു.വടക്കൻ ഗസ്സയില്‍ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേല്‍ വ്യോമാക്രണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഹമാസ് വ്യക്തമാക്കി. കാറുകളില്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.അതേസമയം, ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേല്‍ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലില്‍ നിന്നുള്ള ആക്രമണം ഇസ്രായേല്‍ കടുപ്പിക്കുകയാണ്. വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കൻ ഗസ്സയില്‍നിന്ന് ആയിരങ്ങള്‍ വാഹനങ്ങളിലും നടന്നും തെക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളില്‍ ആളുകള്‍ നീങ്ങുകയാണെന്നും വഴിയില്‍ ബോംബിങ് നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
?️ ഗസ്സ-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമേഷ്യൻ സന്ദര്‍ശനം നടത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അബൂദബിയിലെത്തി.ശനിയാഴ്ച രാത്രി അബൂദബിയിലെത്തിയ അദ്ദേഹം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. സൗദി സന്ദര്‍ശനം കഴിഞ്ഞാണ് യു.എ.ഇയില്‍ എത്തിയത്. സംഘര്‍ഷം പടരുന്നത് തടയാനും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണത്തിനുള്ള വഴികള്‍ സാധ്യമാക്കാനുമാണ് ബ്ലിങ്കൻ ലക്ഷ്യംവെക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇസ്രായേലില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് ജോര്‍ഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബാസുമായും ബ്ലിങ്കണ്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.ഖത്തറിലെത്തി അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ ഥാനിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയത്. അവിടെ സൗദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിൻ ഫര്‍ഹാൻ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
: ?️ ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെതുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയില്‍ കുഞ്ഞായിഷ (53) ആണ് ജിദ്ദ ജാമിഅ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
?️ പലസ്തീൻ എഴുത്തുകാരി അദാനിയ ശിബ്ലിക്ക് പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരം റദ്ദാക്കിയതിന് പിന്നാലെ യു.എ.ഇയിലെ പ്രമുഖ പ്രസാദകര്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്‍റര്‍നാഷനല്‍ ബുക് ഫെയറില്‍ നിന്ന് പിൻവാങ്ങി.ഷാര്‍ജ ബുക് അതോറിറ്റി (എസ്.ബി.എ)യും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷ (ഇ.പി.എ) നുമാണ് രാജ്യാന്തര തലത്തില്‍ ഏറ്റവും വലിയ പുസ്തകോത്സവങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ബുക് ഫെയറില്‍ നിന്ന് പിൻവാങ്ങിയത്. 1949ല്‍ ഇസ്രായേല്‍ സൈനികരാല്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഫലസ്തീനി പെണ്‍കുട്ടിയുടെ കഥപറയുന്ന ‘മൈനര്‍ ഡിറ്റെയ്ല്‍സ്’ എന്ന നോവലിനാണ് ഫലസ്തീൻ എഴുത്തുകാരിയായ അദാനിയ ശിബ്ലിക്ക് ഫ്രാങ്ക്ഫര്‍ട്ട് ബുക് ഫെയര്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇസ്രായേല്‍-ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടി പുരസ്കാരം റദ്ദാക്കുകയായിരുന്നു. തീരുമാനം പുറത്തു വന്നതിന് പിന്നാലെ ബുക് ഫെയറില്‍ നിന്ന് പിൻവാങ്ങുന്നതായി എസ്.ബി.എയും ഇ.പി.എയും പ്രഖ്യാപിച്ചു. സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി വിശദീകരിച്ചു.പുരസ്കാരം റദ്ദാക്കിയത് എഴുത്തുകാരിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നായിരുന്നു സംഘാടകര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. അവാര്‍ഡ് ആഘോഷിക്കാനുള്ള സമയമല്ലിതെന്നും ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്നുമായി പിന്നീടുള്ള വിശദീകരണം. 2022ല്‍ ആണ് നോവലിന്‍റെ ജര്‍മൻ-അറബിക് വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. ഇതിന്‍റെ ഇംഗ്ലീഷ് പതിപ്പിന് 2021ല്‍ അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ലഭിച്ചിരുന്നു.
?️ സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവായ അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്ക് അന്തരിച്ചു. 80 വയസായിരുന്നു.വെള്ളിയാഴ്ച കേംബ്രിഡ്ജിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധിതയായിരുന്നു. 2020ലാണ് ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേല്‍ ലഭിച്ചത്.
?️ ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സി.എൻ.എൻ റിപ്പോര്‍ട്ടര്‍.സാറ സിദ്നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.’കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു’- മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.
⚽ കായികം, സിനിമ ?
?️ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തോല്‍വിയറിയാതെ വീണ്ടും ഇന്ത്യൻ കുതിപ്പ്.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താനായിട്ടില്ല.
?️ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മൂന്നാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.ശനിയാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമാണ് കൊമ്പുകോര്‍ക്കുന്നത്. അയല്‍ക്കാരുടെ പോരാട്ടം ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തുകയും ചര്‍ച്ചയാകുകയാണ്.ലോകകപ്പ് കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാൻ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്ബെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് അനുസരിച്ച് ലോകകപ്പ് നേടുന്ന ടീമിന്റെ കൈയിലെത്തു നാല് മില്യണ്‍ ഡോളര്‍ (33.29 കോടി രൂപ) ആണ്. ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ വിതരണം ചെയ്യുക.ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയിലെത്തുന്ന ടീമുകളും നിരാശരാവേണ്ട കാര്യമില്ല. സെമിയിലെത്തുന്ന ഓരോ ടീമിനും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്കും ലഭിക്കും ലക്ഷങ്ങള്‍ സമ്മാനത്തുകയായി ലഭിക്കും.ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കും. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകള്‍ക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്‌കാരങ്ങളും അവര്‍ക്കുള്ള സമ്മാനത്തുകയും വേറെയും നല്‍കുന്നുണ്ട്.2025 മുതല്‍ പുരുഷ-വനിതാ ക്രിക്കറ്റില്‍ സമ്മാനത്തുക ഏകീകരിക്കാൻ ഐസിസി തീരുമാനിച്ചിട്ടുണ്ട്. 10 ടീമുകളാണ് ലോകകപ്പിന്റെ ഭാഗമാവുന്നത്