വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്ക് വിപണി സജീവമായി. പരമ്പരാഗത കേക്ക് രുചികൾ മുതൽ വൈവ്യമാർന്ന നിറത്തിലും മണത്തിലും രുചിയിലും പാക്കിങ്ങിലും വ്യത്യസ്തത പുലർത്തിയാണ് ക്രിസ്മസ് വിപണിയിൽ കേക്കുകൾ എത്തിയിട്ടുള്ളത്. വൻകിട കേക്ക് നിർമ്മാണ കമ്പനികൾ മുതൽ പ്രാദേശിക കേക്ക് നിർമ്മാണ ബേക്കറികൾ വരെ വിപണിയിൽ സജീവമാണ്. പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ വിൽപ്പന കൂടുതലുള്ളതിനാൽ വൈവിധ്യവും പ്ലം കേക്കുകളിലാണ്. പ്ലം, റിച്ച് പ്ലം, തേൻ, ക്യാരറ്റ്, ചക്ക, ഡേറ്റ്സ്, പൈനാപ്പിൾ, വാനില, ചോക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി വൈവിധ്യമാണ് കേക്കുകളുടെ നിര. സാധാരണ പെട്ടികളിലാക്കി നൽകുന്ന കേക്കുകൾക്ക് പകരം അലുമിനിയം ഫോയിലുകളിലും പ്രത്യേക ഗിഫ്റ്റ് പാക്കറ്റുകളിലും പൊതിഞ്ഞ കേക്കുകളും വിപണിയിലെത്തി. ഇതുകൂടാതെ വിവിധ വർണ്ണ ഡിസൈനുകളിൽ ഒരുക്കിയ ക്രീം കേക്കുകളും വിപണിയിൽ ലഭ്യമാണ്. പരമ്പര രീതിയിലുള്ള വട്ടത്തിലുള്ള കേക്കുകൾക്ക് പകരം നക്ഷത്ര രൂപത്തിലും ഹൃദയ ആകൃതിയിലും, നവമാധ്യമങ്ങളിലെ ഇമോജികളുടെ രൂപത്തിലും കേക്കുകൾ ഇക്കുറി വിപണിയിൽ എത്തി. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും കേക്കുകൾക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയാണ് വ്യാപാരം. റോഡരകുകളിൽ പ്രത്യേക സ്റ്റാളുകൾ സ്ഥാപിച്ച കേക്ക് വില്പനകളും സജീവമായി. കുടുംബശ്രീ യൂണിറ്റുകൾ, വീട്ടമ്മമാർ തുടങ്ങി പലരും ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് കേക്കുകൾ തയ്യാറാക്കി നൽകുന്നവരുണ്ട്. ഓർഡർ അനുസരിച്ച് വൈവിധ്യമാർന്ന കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് പരസ്യവും നവമാധ്യമങ്ങളിലും മറ്റും വന്നു തുടങ്ങി. സ്കൂളുകളിലും കോളേജുകളിലും ക്ലാസ് മുറികൾ കേന്ദ്രീകരിച്ച് ക്രിസ്മസ് കേക്കുകൾ മുറിച്ച് പങ്കുവയ്ക്കുന്ന ആഘോഷങ്ങളും ആരംഭിച്ചു. ക്ലബ്ബുകൾ സർക്കാർ, സ്വകാര്യ സ്ഥാപനം ഓഫീസുകൾ, ബാങ്കുകൾ കേന്ദ്രീകരിച്ചും കേക്ക് മുറിക്കലും ആരംഭിച്ചിട്ടുണ്ട്. കേക്കുകൾ സമ്മാനമായി നൽകാൻ പ്രത്യേക ഗിഫ്റ്റ് പാക്കറ്റുകളായും. ഗിഫ്റ്റ് കേക്കുകൾ വിലാസം നൽകിയാൽ ടൗണുകളിലെ വീടുകളിൽ എത്തിക്കാനും വ്യാപാരികൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ കേക്കുകൾക്കൊപ്പം സമ്മാനമായി ചെറിയ പ്ലം കേക്കുകളുടെ ഓഫർ ബോർഡുകൾ കടകളിലും നവമാധ്യമത്തിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ചില കേക്ക് നിർമ്മാണ കമ്പനികൾ ഒരു കേക്കിന് ഒരു കേക്ക് സൗജന്യവും ചിലർ 50 ശതമാനം വിലക്കിഴിവ് എന്നീ ഓഫറുകളുമായും വിപണിയിലെത്തി. ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രത്യേക വില്പന കേന്ദ്രങ്ങളിലും കേക്ക് രുചിച്ചു നോക്കി വാങ്ങാൻ സാമ്പിൾ നൽകുന്ന പതിവും ആരംഭിച്ചിരിക്കുന്നു. ക്രിസ്മസിനെ ഇനിയും ദിവസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും യുവതലമുറയിൽ കേക്ക് മുറിക്കലും കേക്ക് കൈമാറലും സമ്മാനമായി നൽകലും സജീവമായതോടെ ക്രിസ്മസ് അവധിക്കു മുന്നോടിയായി തന്നെ കേക്ക് കച്ചവടം പൊടിപൊടിക്കുന്നുണ്ടെന്ന് വ്യാപാരികളും പറഞ്ഞു.