സപ്ലൈകോ-കൃഷിവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ടൺ നെല്ല് കണ്ടെത്തി. നല്ലേപ്പിള്ളി പഞ്ചായത്തിലെ കമ്പം പടി പാടശേഖരത്തിലെ ഒരു കർഷകൻ്റെ കുടുംബത്തിന്റെ പേരിലുള്ള കളത്തിൽ സൂക്ഷിച്ച 60 കിലോ തൂക്കം വരുന്ന 217 ചാക്ക് നെല്ലാണ് പാഡി മാർക്കറ്റിങ് ഓഫിസറും കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. നല്ലേപ്പിള്ളി മേഖലയിൽ രണ്ടാം വിള കൊയ്ത്ത് ആരംഭിക്കുന്നതിനു മുൻപ് തന്നെ പുറമേ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ നെല്ല് പെർമിറ്റ് എടുത്ത കർഷകരുടെ പേരിൽ സപ്ലൈകോയിലേക്ക് അളക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവിടെ നെല്ല് സൂക്ഷിച്ചതെന്നാണ് സൂചന. പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് തന്റെ വയലിൽ കൊയ്ത നെല്ലാണ് ഇതെന്ന് കർഷകൻ ആദ്യം പറഞ്ഞെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് വിശദീകരണം ചോദിച്ചപ്പോൾ കൃഷിനാശം വന്നതുകൊണ്ട് പുറമെ നിന്നും വാങ്ങിയതാണെന്ന് കർഷകൻ സമ്മതിച്ചതായി പറയുന്നു.