ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ

ചിറ്റലഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും യാത്രക്കാർക്കായി നിർമിച്ച വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ. വിശ്രമിക്കാനും ശൗചാലയം ഉപയോഗിക്കാനും സൗകര്യമുണ്ടായിട്ടും ആർക്കും ഉപകരിക്കാതെ കിടക്കുകയാണ് ഈ കേന്ദ്രം.

മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനു സമീപത്തായി നിർമിച്ച വഴിയിട വിശ്രമ കേന്ദ്രമാണ് ഇനിയും തുറന്നു കൊടുക്കാത്തത്.

വാഹനങ്ങൾ ഏറെ കടന്നുപോകുന്ന മംഗലം-ഗോവിന്ദാപുരം പ്രധാന പാതയോരത്ത് സൗജന്യമായി ലഭിച്ച സ്ഥലത്താണ് ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയവും തൊട്ടടുത്ത് കടമുറിയും നിർമിച്ചത്. നിർമാണം പൂർത്തിയായി മേയ് 22-ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനവും നിർവഹിച്ച് നടത്തിപ്പിനായി കുടുംബശ്രീ യൂണിറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട്‌ ശൗചാലയം നിർമിച്ചെങ്കിലും ശുചിത്വമിഷന്റെ മാനദണ്ഡപ്രകാരം പ്രായമായവർക്ക് ഉപയോഗിക്കാൻ കഴിയുന്ന യൂറോപ്യൻ ക്ലോസെറ്റ് സ്ഥാപിച്ചിട്ടുമില്ല.