Chandra-bariya-bangur

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി ഭർത്താവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് സഞ്ജയ് മഹാതോ പറഞ്ഞു.
‘സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേന ചന്ദ്രനിൽ സ്ഥലം വാങ്ങി. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഞാൻ അവൾക്കായി ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം കൊണ്ടുവന്നു. ഞാനും എന്റെ ഭാര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്. ചന്ദ്രനെ അവളുടെ അടുത്തേക്ക് കൊണ്ടുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ, ഞങ്ങളുടെ വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തിൽ അവൾക്ക് ചന്ദ്രനിൽ ഒരു പ്ലോട്ട് സമ്മാനമായി നൽകിയാലെന്താണെന്ന് ഞാൻ ചിന്തിച്ചു.
ആ പണം കൊണ്ട് മറ്റെന്തെങ്കിലും വാങ്ങാൻ തനിക്ക് കഴിയുമായിരുന്നു. പക്ഷേ ഞങ്ങൾ ഇരുവരുടെയും ഹൃദയങ്ങളിൽ ചന്ദ്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാൽ, വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തിൽ ഇതിലും മികച്ച സമ്മാനമൊന്നും നൽകാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല. ചന്ദ്രനിലെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും താനും ഭാര്യ അനുമികയും പൂന്തോട്ടത്തിൽ ഇരുന്ന് ചന്ദ്രനെ നോക്കാറുണ്ട്’, സഞ്ജയ് പറയുന്നു.

ബഹിരാകാശത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം പ്രായോഗികമായി സാധ്യമല്ലെങ്കിലും വെബ്‌സൈറ്റുകൾ ഇപ്പോഴും ചന്ദ്രനിലെ സ്ഥലം വിൽക്കുകയും അവ വാങ്ങാൻ തയ്യാറുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യ വിജയത്തിന് മുമ്പുതന്നെ, ചന്ദ്രനിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങാൻ ഇന്ത്യക്കാർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു