?എക്‌സ്‌ചേഞ്ചിൽ നിന്ന് ചെമ്പുകേബിളിലൂടെ ലാൻഡ് ഫോൺ കണക്ഷൻ എത്തിക്കുന്ന സംവിധാനം അടുത്ത മാർച്ചോടെ ഇന്ത്യയിൽ ഇല്ലാതാകും.പൂർണമായും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ മാത്രം ആക്കി മാറ്റുകയാണ് ബി.എസ്.എൻ.എൽ. ഇത് വഴി ചെലവുകൾ പത്തിലൊന്നായി കുറയും. ഉപകരണങ്ങൾ നിറഞ്ഞ മുറികളിൽനിന്ന് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ചെറിയ മുറിയിലേക്ക് ചുരുങ്ങും. ഇതിനെ ബി.എസ്.എൻ.എലിൽ ഫൈബറിഫിക്കേഷൻ എന്ന് വിളിക്കുന്നു.
നിലവിലുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ ഒപ്റ്റിക്കൽ ഫൈബർ വഴി നൽകുമ്പോൾ ഇന്റർനെറ്റ് കൂടി ഉണ്ടാകും.
ബി.എസ്.എൻ.എലിന്റെ ജനപ്രിയ പദ്ധതിയായ എഫ്.ടി.ടി.എച്ച്. ആണിത്. ഡിജിറ്റൽ ഇലക്ട്രോണിക് സാങ്കേതികവിദ്യയിൽനിന്ന് വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ നെക്സ്റ്റ് ജനറേഷൻ നെറ്റ് വർക്കിലേക്കുള്ള മാറ്റമാണ് എക്‌സ്‌ചേഞ്ചുകളുടെ പരമ്പരാഗതശൈലിയെ മാറ്റുന്നത്.
ചെമ്പുകമ്പിയിലുള്ള ഒരു ലൈൻഡ് ലൈൻ കണക്ഷൻ കൊടുക്കാൻ എക്‌സ്‌ചേഞ്ചുമുതൽ വീടുവരെ കേബിൾ വലിക്കണമായിരുന്നു. ഇതിന്റെ സ്ഥാനത്ത് ഒപ്റ്റിക്കൽ ഫൈബറിന്റെ ഒരു കേബിൾ വഴി 24 കണക്ഷൻ വരെ നൽകാം.
വൈദ്യുതിയുടെ ഉപയോഗവും , അതിലൂടെ പണച്ചെലവും ഗണ്യമായി കുറയും. പഴയ എക്‌സ് ചേഞ്ചുകൾക്ക് ഭീമമായ വൈദ്യുതി ചാർജ് വന്നിരുന്നു. ഇവിടെ സെൻട്രലൈസ്ഡ് എയർ കണ്ടീഷണറിന് പകരം സ്‌പ്ളിറ്റ് എ.സി.കൾ മതി. കൂറ്റൻ ജനറേറ്റുകൾക്കു പകരം സാധ ജനറേറ്ററുകളും ചുരുങ്ങിയ എണ്ണം ബാറ്ററികളുമുള്ള ചെറിയ പവർ പ്ലാന്റുകൾ വരും. ഡീസൽ വാങ്ങുന്നതിനുള്ള ചെലവും കുറയും.
ഫൈബറിലേക്ക് പൂർണമായും മാറുന്നതോടെ ഓരോ എക്‌സ്ചേഞ്ചിലും എഫ്.ടി.ടി.എച്ച്. എക്യുപ്‌മെന്റ്, മൊബൈൽ ടവർ എക്യുപ്‌മെന്റ്, ട്രാൻസ്മിഷൻ എക്യുപ്‌മെന്റ്, പവർ പ്ലാന്റ് എന്നിവ മാത്രമേ ഉണ്ടാകൂ. ഇതിനെല്ലാം കൂടി ചെറിയ മുറി മതി. തീരെ ചെറിയ എക്‌സ്‌ചേഞ്ചുകൾ പൂർണമായും ഒഴിവാക്കി അടുത്തുള്ള മൊബൈൽ ടവറിന്റെ ചുവട്ടിൽ സജ്ജമാക്കുന്ന ചെറിയമുറികളിൽ പ്രവർത്തിപ്പിക്കാനാകും.
മിക്ക ഉപകരണങ്ങളും റിമോട്ടിൽ പ്രവർത്തിപ്പിക്കാമെന്നതിനാൽ ജീവനക്കാരുടെ എണ്ണവും കുറയും. എഫ്.ടി.ടി.എച്ച്. കണക്ഷനുകൾ നൽകാൻ ഫ്രാഞ്ചൈസികളെ നിയോഗിച്ചിരിക്കുന്നതിനാൽ ബി.എസ്.എൻ.എൽ. ജീവനക്കാരുടെ സേവനവും വേണ്ട.അഞ്ചോ ആറോ എക്‌സ്‌ചേഞ്ചുകളെ ക്ലസ്റ്ററാക്കി ഒരു ഓഫീസറുടെ നിയന്ത്രണത്തിലാക്കും. മഹാരാഷ്ട്രയിൽ രണ്ട് എസ്.എസ്.എ. പൂർണമായും ഒപ്റ്റിക്കൽ ഫൈബറിലേക്ക് മാറിക്കഴിഞ്ഞു.