ദിശാബോര്‍ഡില്ല, വട്ടംകറങ്ങി വാഹന യാത്രികര

വടക്കഞ്ചേരി : ദേശീയപാതയില്‍ മംഗലം പാലത്തിനടുത്ത് പാലക്കാട് ലൈനിന്‍റെ ഇടതുഭാഗത്ത് സര്‍വീസ് റോഡിന്‍റെ തുടക്കത്തില്‍ മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് തിരിഞ്ഞു പോകേണ്ടവര്‍ക്ക് വഴി കാണിക്കാനുള്ള ദിശാബോര്‍ഡ് ഇല്ലാത്തത് ദൂരയാത്രക്കാരെ വട്ടംകറക്കുന്നു.
നേരത്തെ ഇവിടെ മുടപ്പല്ലൂര്‍, മംഗലംഡാം, നെന്മാറ, പൊള്ളാച്ചി എന്നീ സ്ഥലങ്ങളുടെ പേര് എഴുതി സര്‍വീസ് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് കാണിക്കുന്ന ബോര്‍ഡുണ്ടായിരുന്നു.
ഏതോ വാഹനം ഇടിച്ച്‌ ബോര്‍ഡ് നശിച്ചു. പിന്നീട് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
ഇതുമൂലം ദൂരസ്ഥലത്തു നിന്നും വാഹനം ഓടിച്ചു വരുന്നവര്‍ നെന്മാറ റോഡിലേക്ക് പോകാനുള്ള വഴിയറിയാതെ വീണ്ടും മൂന്നുകിലോമീറ്റര്‍ മുന്നോട്ടു പോയി അണക്കെപ്പാറയിലെ യു -ടേണ്‍ തിരിഞ്ഞു വരേണ്ട സ്ഥിതിയുണ്ട്.
അണക്കെപ്പാറയിലും കൃത്യമായ സൂചനാബോര്‍ഡ് ഇല്ലാത്തതിനാല്‍ ആലത്തൂരിലെത്തി തിരിച്ചു വരുന്നവരും കുറവല്ല.
സര്‍വീസ് റോഡിന്‍റെ തുടക്കത്തില്‍ ബോര്‍ഡ് പുനഃസ്ഥാപിക്കാതെ സര്‍വീസ് റോഡ് കടന്ന് അണ്ടര്‍ പാസിനടുത്താണ് ഇപ്പോള്‍ പൊള്ളാച്ചി എന്ന സൈൻബോര്‍ഡ് ഉള്ളത്.
പത്തടിയിലേറെ ഉയരത്തില്‍ ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഈ ബോര്‍ഡ് കാണാനുമാകില്ല.
സര്‍വീസ് റോഡിന്‍റെ തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തന്നെ കാണുന്ന വിധം ഉയരത്തില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം.
നേരത്തെ മംഗലം പാലം എത്തും മുമ്പേ യു ടേണ്‍ ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ അതുവഴിയാണ് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചിരുന്നത്.
എന്നാല്‍ നിലയ്ക്കാത്ത അപകടങ്ങളെ തുടര്‍ന്ന് ഈ യു-ടേണ്‍ അടക്കുകയായിരുന്നു. മംഗലം പാലത്തിനടുത്ത് പാതയുടെ മധ്യത്തിലെ ഡിവൈഡറില്‍ കാഴ്ച മറക്കും വിധം ഉയരത്തിലുള്ള പൂച്ചെടികളും മറ്റും വെട്ടിമാറ്റണമെന്ന ആവശ്യവും ശക്തമാണ്.
പാലക്കാട് ലൈനില്‍ ബസിറങ്ങി പാത മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാരാണ് ദൂരക്കാഴ്ച തടസപ്പെട്ട് ഇവിടെ അപകടത്തില്‍പ്പെടുന്നത്.