
ജോജി തോമസ്
ആറുവരിയില്‍ നിർമാണം പൂർത്തിയായ ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ല!! കാല്‍നടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയില്‍ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല! ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകള്‍ ദേശീയപാതയിലെ എൻട്രികളില്‍ സ്ഥാപിച്ചുതുടങ്ങി.
ബൈക്കുകള്‍ക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല.
ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ചുള്ള യാത്ര തടയാനായി എൻട്രി, എക്സിറ്റ് പോയിന്‍റുകളില്‍ സ്റ്റംപുകള്‍ സ്ഥാപിച്ച് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.