ആലത്തൂർ: ബൈക്കിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചയുടൻ, ബൈക്കോടിച്ചയാൾ കുഴഞ്ഞുവീണു മരിച്ചു. തരൂർ തോണിപ്പാടം ചെറാക്കോട്ടിൽ സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ, ദേശീയപാതയിൽ ആലത്തൂർ വാനൂർ മുക്കിലായിരുന്നു അപകടം.
വഴിയാത്രക്കാരനായ ആലത്തൂർ നെല്ലിയാങ്കുന്നം കലാധരനെ (38) ലക്ഷ്മണൻ ഓടിച്ച ബൈക്ക് തട്ടി. കാലിൽ പരിക്കേറ്റ കലാധരനെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ പോയവർക്കൊപ്പം ആംബുലൻസിൽ ലക്ഷ്മണനും ഉണ്ടായിരുന്നു. ആലത്തൂർ പൂങ്ങോടുള്ള സുഹൃത്തുക്കളെയും തോണിപ്പാടത്തുള്ള സഹോദരങ്ങളെയും അപകടവിവരം വിളിച്ചറിയിക്കുകയും ചെയ്തു.
കലാധരനെ ഡോക്ടർ പരിശോധിക്കുന്നതിനിടെ ലക്ഷ്‌മണൻ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി ഒൻപതരയോടെ മരിച്ചു. അപകടത്തിൽ തലയിൽ ചെറിയ മുറിവേറ്റിരുന്നു. നേരത്തേ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. ഗൾഫിൽ നിന്നു മടങ്ങിയശേഷം ആലത്തൂർ വാനൂർ സഫ റെസിഡൻസി മാനേജരായി ജോലി ചെയ്യുകയായിരുന്നു.
ആറു വർഷം മുൻപ് മകൾ ശ്രീമോൾ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഭാര്യ: സരിത. മറ്റു മക്കൾ: ശ്രീക്കുട്ടി (ബിരുദവിദ്യാർഥി, നേതാജി കോളേജ്, നെന്മാറ), ശ്രീലക്ഷ്‌മി. സഹോദരങ്ങൾ: സി.എം. മാണിക്യൻ, രാമനാഥൻ, കേശവൻ, പരേതനായ ശശി, തങ്ക, പ്രേമ, സുലോചന, ഉഷ