കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ഇവർ100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. സംഭവത്തിൽ മലയാളികൾ ഉൾപ്പടെ 1000ത്തോളം ആളുകളുടെ പണം നഷ്ടമായി.
ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല! ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് ഒൻപത് വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ പറയുന്നത്.
പണം നഷ്ടപ്പെട്ട നൂറ് കണക്കിന് പേരാണ് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ബംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.