ബന്ധം കൂടുതല്‍ വഷളായി; നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യ തന്നെ, വിശ്വസനീയമായ തെളിവുണ്ട്: ആവര്‍ത്തിച്ച് ട്രൂഡോ –

ഒട്ടാവ: ഇന്ത്യക്കും കാനഡക്കും ഇടയില്‍ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി, ഇന്ത്യക്ക് എതിരെ വീണ്ടും ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ അനുകൂലി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നും അതിന് വിശ്വസനീയമായ തെളിവുണ്ടെന്നും ട്രൂഡോ ആവര്‍ത്തിച്ചു. അങ്ങനെ കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണില്‍ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല.’ ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോര്‍ട്ടലായ ബിഎല്‍എസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യന്‍ പൗരന്മാര്‍ വിസ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.