അയിലൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.

നെന്മാറ : അയിലൂർ പഞ്ചായത്തിലെ 100 ഹെക്ടർ പ്രദേശത്ത് കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വാർഡ് തല സമിതികളുടെ രൂപീകരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് നിർവ്വഹിച്ചു. കൃഷി ഓഫീസർ കൃഷ്ണ അധ്യക്ഷത വഹിച്ചു.

തെങ്ങ് കൃഷി കൂടുതലുള്ള പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഹെക്ടറിൽ താഴെയുള്ള ചെറുകിട നാമ മാത്ര കർഷകരെയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുക. നെൽപ്പാടങ്ങളിലെ വരമ്പുകളിലെ തെങ്ങ് കൃഷിയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാമ്പത്തിക വർഷം ആരംഭിക്കുന്ന 54 കേരഗ്രാമങ്ങളുടെ പട്ടികയിലാണ് അയിലൂർ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെക്ടറിന് 6000 വരെ വിവിധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും വളം ഉൾപ്പെടെയുള്ള ചിലയിനം ചിലവുകൾക്ക് 50 ശതമാനം സബ്സിഡിയും ഇത് പ്രകാരം ലഭിക്കും. പദ്ധതിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ വാർഡ് തല ക്ലസ്റ്റർ ഗ്രൂപ്പിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കൃഷിഭവനിൽ നിന്ന് ലഭിക്കുന്നതാണ്.

കേര കൃഷിയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കീട -രോഗ പരിപാലന പരിപാടി നടപ്പിലാക്കൽ, ഇടവിളകൃഷി, വാർദ്ധക്യവും രോഗം ബാധിച്ചതുമായ തെങ്ങുകൾ നീക്കം ചെയ്യുക. നല്ല ഗുണമേന്മയുള്ള തൈകൾ ഉപയോഗിച്ച് വീണ്ടും നടുക, പച്ചിലവളം, ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചന യൂണിറ്റ് സ്ഥാപിക്കൽ, പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും ക്ലസ്റ്ററുകൾക്കായി തെങ്ങുകയറ്റ ഉപകരണങ്ങളുടെ വിതരണം, തടങ്ങൾ തുറക്കൽ, തൊണ്ട് കുഴിച്ചിടൽ, കുമ്മായം പ്രയോഗം, വളപ്രയോഗം, ജൈവവളങ്ങൾ, സൂക്ഷ്മ പോഷകങ്ങൾ, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയവും സമയബന്ധിതവുമായ പരിപാലന രീതികൾ, പുതയിടൽ, തെങ്ങിൻ തോട്ടത്തിലെ ഈർപ്പം സംരക്ഷണം തെങ്ങിൻ തോട്ടത്തിൽ ഇടവിള. ജാതി, ഗ്രാമ്പൂ, വാഴ, കിഴങ്ങുവിളകൾ, ഇഞ്ചി ഔഷധസസ്യങ്ങളായ കുറുംതൊട്ടി, ചിറ്റരത്ത, കച്ചോലം തുടങ്ങി വൈവിധ്യമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയതാണ് പദ്ധതി. തുടർ വർഷങ്ങളിലും പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടരും.