അയിലൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന നാശം വരുത്തുന്നത് വ്യാപകമായി. മരുതഞ്ചേരി, കോപ്പം കുളമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുവളപ്പുകളിലാണ് കഴിഞ്ഞ രാത്രിയിൽ മോഴയാന പ്രദേശവാസികളെ ഭീതിയിലാക്കിയത്. എം. മോഹൻദാസ്, കെ. വത്സലൻ, കെ. മോഹനൻ, കൃഷ്ണൻ കോഴിക്കാട്, എൽദോസ് മടത്തുംപാറ, സുമതി കൃഷ്ണൻകുട്ടി, കെ. ചെന്താമരാക്ഷൻ, ജോർജ് വീപ്പനാടൻ, ജോയി ഓണായിക്കര എന്നിവരുടെ വീട്ടുവളപ്പുകളിലെ വാഴ, തെങ്ങ്, ഫലവൃക്ഷങ്ങൾ, വേലികൾ തുടങ്ങി വ്യാപകമായ നാശം വരുത്തി. രാത്രിയോടെ മോഹനന്റെ പട്ടിക്കൂട് ആന തകർത്തത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. ആനയുടെ ഭീകരതാണ്ഡവത്തോടെ പട്ടികൾ നിശബ്ദരായി ഓടിയൊളിച്ചു. സമീപത്തെ തൊഴുത്തിൽ ഉണ്ടായിരുന്ന പശു മാത്രമാണ് ശബ്ദം ഉണ്ടാക്കിയത്. രാവിലെ 4. 45 ന് നടക്കാൻ ഇറങ്ങിയ വത്സലനാണ് ആന വീടുകൾക്ക് മുന്നിലായി റോഡിൽ നിൽക്കുന്നത് കണ്ടത്. ആനയെ കണ്ട് ഭയചകിതനായി നിൽക്കുമ്പോഴാണ് ടാപ്പിങ് തൊഴിലാളിയായ സഹദേവനും ഭാര്യയും റോഡിന്റെ മറുവശത്ത് ആനയ്ക്ക് മുന്നിൽ എത്തുന്നത്, കോൺക്രീറ്റ് ജോലിക്കായി അതിരാവിലെ പുറപ്പെട്ട രാജനും ഭാര്യയും ആനയുടെ മുന്നിൽ പെട്ടു. മൂന്നുപേരും പരസ്പരം ലൈറ്റുകൾ തെളിയിച്ച് ആനയുടെ സാന്നിധ്യം സമീപവാസികളെയും വീട്ടുകാരെയും ഫോറസ്റ്റ് വാച്ചറേയും അറിയിച്ചു. ഒച്ച വെച്ചിട്ടും ഒറ്റയാൻ പ്രദേശത്തുനിന്ന് മാറാൻ തയ്യാറാവാതായതോടെ അടുത്ത വീടുകളിലുള്ളവർക്ക് പുറത്തിറങ്ങാതിരിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് പ്രദേശവാസികളായ, എം.അഹമ്മദ് കുട്ടി, സഹദേവൻ, സിദ്ദീഖ്, ജയൻ, വനം വാച്ചറായ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ഒറ്റയാനായ മോഴയാനയെ വീടുകൾക്ക് സമീപത്തു നിന്നും ഓടിക്കാൻ ശ്രമിച്ചെങ്കിലും മോഴയാന സമീപത്തെ കനാലിൽ ഇറങ്ങി കൂടുതൽ ജനവാസ മേഖലയിലേക്ക് പോകാനാണ് തയ്യാറായത്. ഏറെ ശ്രമത്തിനൊടുവിൽ ആനയെ വീട്ടുവളപ്പുകളിലൂടെ തന്നെ കൽച്ചാടി പുഴകയറ്റി, ചള്ള, പുഞ്ചേരി ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളിലൂടെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള വനമേഖലയിലേക്ക് തുരത്താനായത്. അതിരാവിലെ രണ്ടു മണിക്കൂറോളം തലങ്ങും വിലങ്ങും ഓടി കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. വീട്ടുവളപ്പുകളിൽ രാത്രിസമയങ്ങളിൽ ഒറ്റയാനും ആനക്കൂട്ടവും എത്തുന്നതിനെതിരെ വീട്ടമ്മമാരാണ് ആശങ്ക കൂടുതൽ പങ്കുവെച്ചത്. പ്രഭാത സവാരിയും, അതിരാവിലെ ദൂര ദിക്കിൽ ജോലിക്ക് പോകുന്നവരുടെയും, ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിൽ എത്തുന്നവരുടെയും വീട്ടുകാരാണ് വിള നാശങ്ങളെക്കാൾ ജീവഭയമുണ്ടെന്ന് പറഞ്ഞത്.