ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് വെണ്മണി പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ മകന്‍ കാശിനാഥന്റെ (3) മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം ഇന്നലെ രാത്രി 9 മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ 6 മണിയോടെ ആരംഭിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും സമീപത്തെ പച്ചക്കറി കടയിലെ ജിവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.

മാവേലിക്കരയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാശിനാഥന്റെ മാതാവ് ആതിര എസ്. നായര്‍ (31) ഇന്നലെ മരണപ്പെട്ടിരുന്നു.