ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ; പാകിസ്ഥാനെ തകർത്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് വർമയെയും ശുഭ്മാൻ ​ഗില്ലിനെയും സൂര്യകുമാർ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വർമ ക്രീസിൽ എത്തിയത്. പിന്നീട് തിലക് വർമയുടെ ബാറ്റിൽ നിന്ന് ഷോട്ടുകൾ എല്ലാ ഭാ​ഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അർധ സെഞ്ച്വറി നേടിയ തിലക് വർമയാണ് ടീമിന്റെ വിജയശിൽപ്പി. 41 പന്തിൽ നിന്നാണ് തിലക് വർമ അർധ സെഞ്ച്വറി കുറിച്ചത്.

തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ അബ്രാർ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറിൽ 12 റൺസുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീൽഡർ ഹുസൈൻ തലാത് ഡ്രോപ് ചെയ്തിരുന്നു.

പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത്. അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഒൻപതാം ഓവറിൽ സ്കോർ 50 കടന്നത്.