നെന്മാറയിലെ പണി പൂർത്തിയാകാത്ത ബസ് കാത്തിരിപ്പു കേന്ദ്രം മാലിന്യം കൊണ്ട് നിറഞ്ഞു. നെന്മാറ പോലീസ് സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥരുടെ അഭയ കേന്ദ്രമായി മാറി. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും മറ്റും രാത്രി അഭയം പ്രാപിക്കുന്നത് പണിപൂർത്തിയാകാത്ത ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്. അശരണരായ ഇവർ മലമൂത്ര വിസർജനം മുതൽ മാലിന്യം വരെ ഈ ബസ് കാത്തിരിപ്പികേന്ദ്രത്തിൽ നിറച്ചുവെക്കുന്നുണ്ട്. നെന്മാറ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ ഈ കെട്ടിടത്തിന്റെ പരിസരങ്ങൾ വൃത്തിയാക്കി മാലിന്യം നീക്കാറുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം പണിപൂർത്തിയാവാതെ വർഷങ്ങളായി കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുന്നില്ലെന്ന് സമീപത്തെ വ്യാപാരികളും നെല്ലിയാമ്പതി, പോത്തുണ്ടി ഭാഗങ്ങളിലേക്ക് ബസ് കാത്തുനിൽക്കുന്നവരും നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവരും പരാതിപ്പെട്ടു. പഞ്ചായത്ത് ഓഫീസ്, ജനമൈത്രി പോലീസ് സ്റ്റേഷൻ, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സമീപമാണ് മാലിന്യം പേറി പണിപൂർത്തിയാവാത്ത ബസ് കാത്തിരിപ്പ് കേന്ദ്രം നിൽക്കുന്നത്.