തിരുവോണത്തിന് രണ്ടു ദിവസംമാത്രം ശേഷിക്കേ തെരുവോരങ്ങൾ ഓണക്കച്ചവടത്തിന്റെ തിരക്കിലമർന്നു. വസ്‌ത്രം, പച്ചക്കറി, പൂവ്, പാത്രങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിയ സാധനങ്ങളെല്ലാം നിരന്നുകഴിഞ്ഞു. തുണിക്കടകളിലാണ് തിരക്കേറെ. വഴിയോര വിപണിയും സജീവമാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ പരമാവധി കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറയുന്നു.
കോംബോ ഓഫറുകൾ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വസ്ത്രവ്യാപാരികളുടെ ശ്രമം. എക്‌സ്‌ചേഞ്ച് മേളകളും ഓഫറുകളുമായി ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ സ്ഥാപനങ്ങളുമുണ്ട്.
സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർഫെഡ് ഓണച്ചന്തകളിലും തിരക്കാണ്. കൃഷി വകുപ്പിന്റെ പച്ചക്കറിച്ചന്തകളിലും ക്യൂവാണ്. 96 വിൽപ്പന കേന്ദ്രങ്ങളുണ്ട്. ഉത്രാട ദിവസം ഉച്ചവരെ പ്രവർത്തിക്കും. പൊതുവിപണിയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്‌ക്കാണ് ചന്തകളിൽനിന്ന് സാധനങ്ങൾ ലഭിക്കുക. ഉപ്പുതൊട്ട് കർപ്പൂരംവരെ ഒരുക്കി കുടുംബശ്രീ ചന്തകളുമുണ്ട്. വൻതോതിൽ ചെണ്ടുമല്ലിക്കൃഷി ചെയ്‌തതിനാൽ വഴിയോരങ്ങളിൽ ചെണ്ടുമല്ലി കച്ചവടം സജീവമാണ്. ഒന്നാം ഓണത്തിന് വീട്ടുമുറ്റം അലങ്കരിക്കാൻ മാവേലിയും എത്തിക്കഴിഞ്ഞു.