നെന്മാറ : സ്കൂളിലേക്ക് പോയ അധ്യാപികയുടെ വീണുപോയ മാലയാണ് പച്ചക്കറി വ്യാപാരിയുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയത്. ചാത്തമംഗലം ഗവ. യു. പി. സ്കൂളിലെ അധ്യാപിക രാഗി ടീച്ചറുടെ രണ്ടര പവൻ വരുന്ന സ്വർണമാലയാണ് സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വരുമ്പോൾ നഷ്ടപ്പെട്ടത്. സ്കൂളിലെ സഹപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ടീച്ചർ അറിയുന്നത്. തുടർന്ന് ചാത്തമംഗലം സ്കൂൾ മുതൽ കരിമ്പാറയിലെ വീടുവരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും ഭർത്താവ് പ്രതീഷും മറ്റും വിവിധ സ്ഥലങ്ങളിലും റോഡ് അരികിലും അന്വേഷിച്ചു നടന്നെങ്കിലും മാലയോ സൂചനയോ ലഭിച്ചില്ല. തുടർന്ന് നെന്മാറ പോലീസിൽ ഉച്ചയോടെ പരാതി നൽകി.
ഉച്ചയ്ക്ക് 1.30 ന് പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു ചാത്തമംഗലം, ഇരപ്പക്കൽ പറമ്പ് സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ അസീസിന് റോഡിൽ കിടന്ന് വാഹനം കയറി ചതഞ്ഞ നിലയിൽ കണ്ട കുരിശു ലോക്കറ്റ് ഉള്ള മാല കിട്ടിയത്. കളഞ്ഞു കിട്ടിയ മാല തൊട്ടടുത്ത ചായക്കടയിൽ തെളിവുസഹിതം ഉടമസ്ഥൻ വന്നാൽ നൽകാൻ ഏൽപ്പിച്ച് വീട്ടിലേക്ക് പോരുകയും ചെയ്തു. വൈകുന്നേരം ആയിട്ടും ആരും അന്വേഷിച്ചു വരാത്തതിനെ തുടർന്ന് അസീസിന്റെ മകൻ തൗഫീഖ് കളഞ്ഞു കിട്ടിയ മാലയെക്കുറിച്ച് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസിൽ മാല നഷ്ടപ്പെട്ടതിനെ കുറിച്ച് പരാതി കിട്ടിയതിനെ തുടർന്ന് പോലീസ് ഇരുവരെയും വിളിച്ചുവരുത്തി സ്റ്റേഷനിൽ വച്ച് എസ് ഐ സലീം, സി. പി. ഒ.അനൂപ്, എന്നിവരുടെ സാന്നിധ്യത്തിൽ മാല കൈമാറുകയായിരുന്നു. നെന്മാറ ജനമൈത്രി പോലീസ് അസീസിന്റെ സത്യസന്ധതയെ പ്രശംസിച്ചു. മാല തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ രാഗി ടീച്ചറുടെ ഭർത്താവ് അസീസിന് പാരിതോഷികം നൽകിയെങ്കിലും അസീസ് സന്തോഷപൂർവ്വം നിരസിച്ചു.
റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മാല അസീസ് പോലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറുന്നു.