എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ പി. വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട്ടാണ് റിപ്പോർട്ട് തേടിയത്.

ആരോപണങ്ങള്‍ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ക്രമസമാധാനചുമതലയുള്ളഎഡിജിപിഅജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എഎല്‍എ വെളിപ്പെടുത്തിയത്. അജിത്കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.