
സൈക്കിൾ ചവിട്ടിയുള്ള ക്ഷീണം ഒഴിവാക്കാനും കയറ്റത്തിലൂടെയുള്ള തള്ളൽ ഒഴിവാക്കാനുമായി സ്കൂൾ വിദ്യാർത്ഥിയുടെ മോഹം ഒടുവിൽ സഫലമായി. അയൽ വീട്ടുകാർ ഉപേക്ഷിച്ച മോപ്പഡ് എൻജിൻ സൈക്കിളുമായി കൂട്ടിയോജിപ്പിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ടുപിടുത്തം. അയിലൂർ തോട്ടുംപള്ള തിരിഞ്ഞക്കോട് മൻസൂർ അലി-ബെൻസീന ദമ്പതികളുടെ മകനാണ് അഫ്സൽ.
അച്ഛൻ വാങ്ങിക്കൊടുത്ത സൈക്കിളിലാണ് ആഗ്രഹം യാഥാർഥ്യമാക്കിയത്. മോപ്പഡിന്റെ പഴയ എൻജിൻ സൈക്കിളിന്റെ പിന്നിലെ കാരിയറിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച് സൈക്കിളിന്റെ പിന്നിലെ ചക്രത്തിൽ പൽചക്രം ഘടിപ്പിച്ച് ചെയിൻ മുഖേന ബന്ധിപ്പിച്ചാണ് ആഗ്രഹം സഫലമാക്കിയത്. ചെറിയ പ്ലാസ്റ്റിക് ബാരൽ കൊണ്ട് പെട്രോൾ ടാങ്കും. സൈക്കിൾ ഹാൻഡിലിലേക്ക് ആക്സിലേറ്റർ സംവിധാനവും ഘടിപ്പിച്ചാണ് നിയന്ത്രണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കയറ്റത്തിൽ തള്ളണ്ട, ക്ഷീണവുമില്ല. ഒടുവിൽ ആരും അത്ഭുതപ്പെടുന്ന സൈക്കിൾ സ്വന്തമായി. അയൽക്കാർക്കും കൂട്ടുകാർക്കും മുന്നിൽ തന്റെ കണ്ടുപിടുത്തം പ്രദർശിപ്പിച്ച് അഭിനന്ദനങ്ങൾ നേടിയിരിക്കുകയാണ് ഈ ബാലൻ.
അയിലൂർ എസ്എം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഫ്സൽ സ്കൂൾ ശാസ്ത്ര മേളയിൽ റോബോട്ട് നിർമിച്ചും ഹൈസ്കൂൾ വിദ്യാർഥികൾക്കു മാത്രമുള്ള യങ് ഇന്നൊവേഴ്സ് പ്രോഗ്രാം മത്സരത്തിൽ ‘ബൈ സൈക്കിൾ വാട്ടർ പമ്പ്’ എന്ന ആശയം അവതരിപ്പിച്ച് ജില്ലാതലംവരെയെത്തി. മധ്യവേനൽ അവധിക്കാലത്ത് വീടിനു മുന്നിൽ കൂട്ടുകാരുടെ സൈക്കിൾ നന്നാക്കി കൊടുക്കാനുള്ള വർക്ക്ഷോപ്പ് നടത്തിയിരുന്നു.
സഹോദരൻ അൻസിൽ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു വിദ്യാർഥിയാണ്.
അഫ്സലിന്റെ കഴിവ് പ്രോത്സാഹിപ്പിക്കാനും ശാസ്ത്രരംഗത്ത് കൂടുതൽ നേട്ടം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് സ്കൂൾ പിടിഎ പ്രസിഡൻറ് എസ്. എം. ഷാജഹാൻ പറഞ്ഞു.
