കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ കേസ്

കോട്ടയം> വൈദ്യുതി ലൈനിലേക്കു മുട്ടിക്കിടന്ന വാഴകള്‍ വെട്ടിയതിന്റെ പകയില്‍ കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ പോലീസ് കേസെടുത്തു.കെഎസ്ഇബിയുടെ അയ്മനം ഓഫീസ് വളപ്പില്‍ നട്ടുവളര്‍ത്തിയ ഒന്നര വര്‍ഷം പ്രായമായ മൂന്നു മാവിന്‍ തൈയും ഒരു പ്ലാവിന്‍ തൈയുമാണ് വെട്ടിനശിപ്പിച്ചത്.

വൈദ്യുതി ഓഫീസ് വളപ്പില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയതിന് കരിപ്പുതട്ട് മുപ്പതില്‍ ഭാഗത്ത് അറത്തറ എ.കെ സേവ്യറിനെതിരേ കുമരകം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വൈദ്യുതി ഓഫീസ് ഉദ്ഘാടന വേളയില്‍ നട്ടതാണ്  നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങള്‍.