
ഓല കരിച്ചിൽ വ്യാപകമായ നെൽപ്പാടങ്ങളിൽ കാർഷിക വിദഗ്ധർ പരിശോധനയ്ക്ക് എത്തി. നെന്മാറ, അയിലൂർ കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങിൽ ബാക്റ്റീരിയൽ ഓല കരിച്ചിൽ വ്യാപകമായതിനെ തുടർന്നാണ് പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രം വിദഗ്ധർ എത്തിയത്. പ്ലാന്റ് പത്തോളജി വിഭാഗം പ്രൊഫസ്റ്റർ ഡോ എസ്. എം പുരുഷോത്തമൻ, എൻഡമോളജി വിഭാഗം പ്രൊഫസ്റ്റർ ഡോ മാലിനി നിലാമുദ്ധീൻ, അസിസ്റ്റൻറ് കൃഷി ഓഫീസർ സി.സന്തോഷ്, കൃഷി അസിസ്റ്റൻറ് വി. രമ, ഫീൽഡ് അസിസ്റ്റന്‌റുമാരായ എസ്. വിസ്‌മയ, കെ. സുനിത, അജ്‌മൽ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ചത്. നെന്മാറ പഞ്ചായത്തിലെ കൂട്ടക്കടവ്, അയിലൂർ പഞ്ചായത്തിലെ മങ്ങാട്ടേപ്പാടം പാടശേഖര സമിതികളിൽ സംഘം സന്ദർശനം നടത്തി.
ഇലയുടെ അറ്റത്തുനിന്നും ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായും ബാധിക്കുകയും ഓലകൾ കരിഞ്ഞു വൈക്കോൽ പരുവത്തിലാകുകയും നെൽച്ചെടി നശിച്ചു പോകുകയാണ് രോഗ ലക്ഷണം മണ്ണ് വിത്ത്, കാറ്റ്, വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുന്നതെന്നും പ്രളയാനന്തരം മണ്ണിലും കാലാവസ്ഥയിലും വന്ന മാറ്റങ്ങളാണ് രോഗബാധ രൂക്ഷമാകാൻ കാരണമെന്നും സംയോജിത കൃഷി രീതിയിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്നും സംഘം നിരീക്ഷിച്ചു . മണ്ണിലെയും, വെള്ളത്തിലെയും ബാക്റ്റീരിയയെ നിയന്ത്രിക്കാൻ ബ്ലീച്ചിങ് പൗഡർ 5 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ ചെറിയ കിഴികൾ ആയി കെട്ടിയ ശേഷം ഇട്ടുകൊടുക്കണം ഇലകളിലെ കരിച്ചിൽ ഭേദമാക്കാൻ ഒരു ഏക്കറിന് 50 ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ 200 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യേണ്ടതാണെന്നും കാർഷിക വിദഗ്ധർ നിർദ്ദേശിച്ചു.