ജില്ലാ പഞ്ചായത്തംഗത്തിന്റെ മകനെതിരെ വധശ്രമം

ബെന്നി വര്‍ഗീസ്‌

തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകനെ വടിവാൾ വീശിയും തോട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമം. കപ്പൂർ കാഞ്ഞിരത്താണി മാരായംകുന്ന് കാരൂത്ത് വീട്ടിൽ ഷാദിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്. ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കെട്ടിടം വെള്ളം നനക്കാൻ ഇറങ്ങിയ ഷാദിന് സമീപത്ത് കൂടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇന്നോവ വാഹനം കടന്ന് പോവുകയായിരുന്നു. ഷഹദിനെ കണ്ട് പിറകോട്ട് തിരിച്ച് വന്ന വാഹനം തൊട്ടടുത്ത് നിർത്തുകയും ചെയ്തതോടെ ഷാദ് കാര്യം അന്വേഷിച്ചു. ഈ സമയം പുറകിൽ ഇരുന്ന ഒരാൾ ബാഗിൽ നിന്നും തോട്ട പുറത്തെടുക്കുകയും എറിയാൻ ശ്രമിക്കുകയുമായിരുന്നു.ഇതോടെ ഷാദ് പ്രദേശത്ത് നിന്നും വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.

സംഭവം അറിഞ്ഞ് ഷാദും നാട്ടുകാരും വീണ്ടും സ്ഥലത്തെത്തുകയും തിരികെ വരികയായിരുന്ന ഇന്നോവ വാഹനം തടയുകയും ചെയ്തു. ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഷാദിന് നേരെയും നാട്ടുകാർക്ക് നേരെയും വടിവാൾ വീശി. ഇവർ ഓടി മാറിയതോടെ പ്രതികൾ വാഹനവുമായി പ്രദേശത്ത് നിന്നും രക്ഷപ്പെട്ടു. പ്രദേശത്ത് ഏതാനും മിനിറ്റുകൾ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സമീപത്തെ മറ്റൊരു വീട്ടിലെ വ്യക്തിയെ തേടിയെത്തിയവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. ലഹരി മാഫിയകളുമായി ബന്ധമുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി