നാടൻ പച്ചക്കറിയും, നെല്ലും ഉത്പാദനരംഗത്ത് ഒരുവർഷത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ നേട്ടം കൊയ്ത പാലക്കാട് പനങ്ങാട്ടിരിയിലെ കർഷകൻ ആർ. ശിവദാസൻ (52) കോടിപതി നേട്ടത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഹരിതമിത്രപുരസ്കാരവും നേടി.👇

പാലക്കാട് പനങ്ങാട്ടിരിയിൽ സ്വന്തമായുള്ള എട്ടേക്കറിനു പുറമേ ഇരുപതേക്കറോളം പാട്ടത്തിനെടുത്താണ് മണ്ണിൽ പൊന്നുവിളയിക്കുന്നത്. പാവലിനാണ് എപ്പോഴും മുൻതൂക്കം നൽകുന്നത്. കഴിഞ്ഞ സീസണിൽ 12 ഏക്കറിലാണ് മായ, പ്രീതി എന്നീ സങ്കരയിനം പാവൽ വിളവിറക്കിയത്. ഈവർഷവും അത്രതന്നെ സ്ഥലത്ത് പച്ചക്കറി വിളകൾ പന്തലിച്ചുനിൽക്കുന്നുണ്ട്.

പാവലിന് പുറമേ മൂന്നരയേക്കറിൽ പടവലവും ഒരേക്കറിൽ പയറും കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചിരുന്നു. പൊതുരംഗത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ഇദ്ദേഹം അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗമായും പ്രവർത്തിച്ചിരുന്നു. പച്ചക്കറിഗ്രാമമായ പനങ്ങാട്ടിരിയിലുള്ള സ്വാശ്രയ കർഷകസമിതിയുടെ പ്രസിഡന്റായിരുന്ന ശിവദാസന് നേരത്തേ വിഎഫ്പിസികെയുടേതുൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരുലക്ഷംരൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഇത്തവണത്തെ പുരസ്കാരം. പ്രിയദർശിനിയാണ് ഭാര്യ. മകൻ നന്ദകിഷോർ .