ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവം; കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്

ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കു നേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര സർക്കാർ ധവള പത്രം ഇറക്കണമെന്നും പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ഇത് തടയാനായില്ല. ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസ് ‘ഡാനി ഡേറ്റ ആപ്പ്’ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം ആപ്പ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നതിനുമുമ്പ് സാധാരണക്കാർ ചതിക്കപ്പെട്ടതായി ഖേര പറഞ്ഞു.

‘ഡാനി ഡേറ്റ ആപ്പ്’ സ്പോൺസർചെയ്ത ‘സ്നേഹസംഭാവന’ ബാനറുകളുമായി യു.പി. പോലീസ് നിൽക്കുന്ന ചിത്രവും പവൻ ഖേര പ്രദർശിപ്പിച്ചു. 2020-22 കാലഘട്ടത്തിൽ ചൈനീസ് ടെക്കി ഇന്ത്യയിൽ തങ്ങി വ്യാജ ഫുട്‌ബോൾ വാതുവെപ്പ് ആപ്പുണ്ടാക്കി ഗുജറാത്തിലെ ബനസ്കന്ധ, പഠാൻ മേഖലകളിലെ സാധാരണക്കാരിൽ നിന്നും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽനിന്നും കോടികളാണ് തട്ടിയത്. മോദിയും അമിത് ഷായും പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് ഏജൻസികളെ ഉപയോഗിക്കുമ്പോൾ ഇന്ത്യക്കാരെ കൊള്ളയടിച്ച് ചൈനക്കാർ രക്ഷപ്പെടുകയാണ്. സത്യം പുറത്തു കൊണ്ടു വരാനും എത്ര പേർ കബളിപ്പിക്കപ്പെട്ടെന്നും ആരുമായി ബന്ധപ്പെട്ട അഴിമതിക്കാരനാണെന്നും കണ്ടെത്താൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, ഇപ്പോൾ ചൈനീസ് പൗരൻ എന്നിവരുടെ തുടർച്ചയായ രക്ഷപ്പെടലാണ് നടന്നത്. മോദി സർക്കാർ പൊതുപണത്തിന്റെ കാവൽക്കാരല്ല, മറിച്ച് വഞ്ചന സുഗമമാക്കുന്ന ട്രാവൽ ഏജൻസിയാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ഖേര ആരോപിച്ചു.