ഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചു കൊന്നു

പാലക്കാട് : മലമ്പുഴയിൽ രണ്ടിടത്ത് പുലിയിറങ്ങി ആടുകളെ ആക്രമിച്ചു. മലമ്പുഴ അയ്യപ്പൻപൊറ്റ മേട്ടുചാള രാജന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചുകൊന്നു. കൂട്ടിൽനിന്ന ആടിനെ കൊന്ന് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, വീട്ടുകാർ ബഹളം വെച്ചു. ഇതോടെ ആടിനെ ഉപേക്ഷിച്ചു പുലി ഓടിപ്പോവുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലിന് മലമ്പുഴ ഒന്നാംപുഴ പാലത്തിനുസമീപം ഷാജഹാന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും പുലി ആക്രമിച്ചു. ബഹളം കേട്ട് വീട്ടുകാരെത്തിയതിനാൽ പുലി രക്ഷപ്പെട്ടു. ആടിന് പരിക്കുണ്ട്. പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നും വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.