
നെന്മാറ ഐടിഐ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഐടിഐയിലെ മുഴുവന്‍ ട്രെയിനികള്‍ക്കും പാല്, മുട്ട, പഴം, ബ്രെഡ് എന്നിവ സമീപത്തെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. കൂടാതെ, പരിശീലന കാലയളവില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും അതിന്റെ പ്രീമിയം യഥാസമയം അടക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ജില്ലയില്‍ പുതുതായി നാല് ഐടിഐകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന്റെ നേട്ടമാണ്. ഐടിഐക്ക് ചുറ്റുമതിലിനായി 80 ലക്ഷം അനുവദിച്ചു. കൂടാതെ ഇലക്ട്രിക്കല്‍ ആന്‍ഡ് പവര്‍ ഡിസ്ട്രിബ്യൂഷന്‍, ത്രീഡി ആനിമേഷന്‍ എഐ പ്രിന്റിങ് എന്നീ രണ്ട് കോഴ്സൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. ബാബു എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആര്. ചന്ദ്രന്, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ സുഫിയാന് അഹമ്മദ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സുധാകരന്, പഞ്ചായത്ത് അംഗം പി. ജി. ജയന്, ഐടിഐ പ്രിന്‍സിപ്പാൾ ആര്. ജയകൃഷ്ണന്, കെ. നാരായണൻ എന്നിവർ സംസാരിച്ചു.