ജോജി തോമസ്
നെന്മാറ : റബ്ബർ വില തകർച്ച തുടരുന്നു. ദുരിതത്തിലായി കർഷകർ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ ലഭിച്ചില്ലെങ്കിലും 160 നു മുകളിൽ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൻ ഗാർഡിങ് നടത്തി ടാപ്പിംഗ് ആരംഭിച്ച കർഷകരാണ് വില തകർച്ചയിൽ ദുരിതം അനുഭവിക്കുന്നത്. ജൂണിൽ സീസൺ ആരംഭിക്കുമ്പോൾ വില കിലോഗ്രാമിന് 165 വരെ ഉയർന്നെങ്കിലും ടാപ്പിംഗ് സജീവമായതോടെ വില കുറഞ്ഞു തുടങ്ങി. പ്രമുഖ ടയർ കമ്പനികൾ വിപണിയിൽ നിന്ന് ഷീറ്റ് റബ്ബറുകൾ വാങ്ങാത്തതാണ് വിപണിയിൽ വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടുമാസം കൊണ്ട് റബ്ബർ വില 27 രൂപയോളം താഴ്ന്നു. ഈ വർഷം സീസൺ ആരംഭിച്ചപ്പോൾ നാലാം ഗ്രേഡ് ഷീറ്റിന് 166 രൂപ വരെ വിലയെത്തിയിരുന്നു. ആർ എസ് എസ് നാലാം ഗ്രേഡ് റബ്ബർ ഷീറ്റിന് 139 രൂപയായാണ് ചുരുങ്ങിയത്. തരം തിരിക്കാത്ത അഞ്ചാം ഗ്രേഡ് റബ്ബർ ഷീറ്റിന് കിലോ ഗ്രാമിന് 130 രൂപയായും ചുരുങ്ങി. ഓണം ചെലവിനായി കർഷകർ കൂടുതൽ ഷീറ്റ് വിപണിയിൽ എത്തിച്ചാൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ സൂചന നൽകി. വിലയിടിവ് മലയോര മേഖലയിലെ ഓണം വിപണിയിലും റബ്ബർ കർഷകർക്കും വൻ തിരിച്ചടിയായി. കടം വാങ്ങിയും മറ്റും റബ്ബർ മരങ്ങളിൽ മഴ മറ സ്ഥാപിച്ച് ഉൽപാദനം ആരംഭിച്ച സമയത്ത് ഉണ്ടായ വിലയിടവ് കർഷകർക്ക് താങ്ങാനാവാത്തതാണെന്ന് പ്രദേശത്തെ കർഷകനായ ടി. സി. ബാബു പറഞ്ഞു. ഒരേക്കറിന് 30000 രൂപയോളം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റെയിൻ ഗാർഡിങ് സ്ഥാപിച്ചത് ആ തുക പോലും വില ഇടിവുമൂലം ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. സമൃദ്ധമായി മഴപെയ്യേണ്ട ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ മഴ കുറവും ഉല്പാദനത്തെ സാരമായി ബാധിച്ചു. മഴ കുറഞ്ഞ് തോട്ടങ്ങളിലെ ഈർപ്പം പോയതോടെ റബ്ബറിന് വളം നൽകാനും കഴിയാത്ത സ്ഥിതിയായെന്ന് കർഷകനായ പ്രതീഷ് കൂരംതാഴത്ത് പറഞ്ഞു. റബ്ബർ ഷീറ്റ് വില കുറഞ്ഞതോടെ ഒട്ടു പാലിനും വില ഇടിഞ്ഞു 74 – 79 രൂപയായി താഴ്ന്നു. ഉയർന്ന വില പ്രതീക്ഷിച്ച് കടും വെട്ടിന് കരാർ അടുത്തവരാണ് വില തകർച്ചയിലും മഴക്കുറവിൽ ഉൽപാദനക്കുറവ് മൂലവും ദുരിതത്തിൽ ആയത്. താങ്ങു വില തുകയും കിട്ടാതായതോടെ ഓണം ചെലവിന് വേറെ ധന മാർഗ്ഗങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് റബ്ബർ കർഷകർ.