വാർത്താ പ്രഭാതം

*നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം*

?️നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

*ഹിമാചൽ മഴക്കെടുതി: മരണസംഖ്യ 74*

?️ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 74 ആയി ഉയർന്നു. ഇതിൽ 21 പേരും ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്.ഷിംലയിലെ ശിവക്ഷേത്രങ്ങൾ തകർന്നു വീണതിനടിയിൽ നിരവധി പേർ പെട്ടിരുന്നു. ഇപ്പോഴും ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കാങ്ക്രയിലെ ഫത്തേപുരിൽ പ്രളയത്തിൽ മുങ്ങിയ ഗ്രാമത്തിൽ നിന്ന് 309 പേരെ രക്ഷപ്പെടുത്തിയിരുന്നു.

*പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച 10 പേരിൽ 7 പേരുടെ പത്രിക അംഗീകരിച്ചു. 3 പേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മൻ (യുഡിഎഫ്) ജെയ്ക് സി. തോമസ് (എൽഡിഎഫ്) ലിജിൻ ലാൽ (എൻഡിഎ) ലൂക്ക് തോമസ് (എഎപി) ഷാജി, സന്തോഷ് ജോസഫ്, പി.കെ. ദേവദാസ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.*സെക്രട്ടറിയറ്റിൽ മത്സര പരീക്ഷാ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണം*?️സെക്രട്ടേറിയറ്റിൽ മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും ഇ- ഓഫിസ് സംവിധാനം കാര്യക്ഷമമാക്കാൻ ഐടി പ്രൊഫഷണലുകളെ നിയമിക്കണമെന്നും ശുപാർശ.മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മിഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിൽ നടപ്പാക്കേണ്ട ശാസ്ത്രീയ പരിഷ്കാരങ്ങൾ സംബന്ധിച്ച് പഠിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

*വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയില്‍*?️സംസ്ഥാനത്ത് വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് ആദ്യമായി കുളത്തൂപ്പുഴയിൽ വനംവകുപ്പ് ആരംഭിച്ച ഫോറസ്‌റ്റ്‌ മ്യൂസിയം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിച്ച്‌ വനസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഹബ്ബാക്കും. വനത്തെപ്പറ്റി അറിവുകൾ നൽകുന്നതിനുള്ള ഇൻഫർമേഷൻ സെന്റർ സജ്ജമാക്കുകയും ചെയ്യും.*വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം: പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ല*?️പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് എസ്‌സിഇആര്‍ടി നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. ഇതില്‍ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി ചട്ടക്കൂട് എന്ന രേഖയുടെ കരട് നാലിന് പാഠ്യപദ്ധതി പരിഷ്‌കരണ കോര്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. നിലവില്‍ ഈ രേഖ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്.

*ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി*?️മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടെതാണ് തീരുമാനം.ജൂലൈയില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപവീതം അധികവിലയായി നല്‍കിയാണ് മില്‍മയുടെ ഓണസമ്മാനം. ജൂലൈയില്‍ സംഘങ്ങള്‍വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.*സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന*?️ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്.*ഗുരുവായൂരില്‍ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം*?️ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

*പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം ഉടൻ വേണ്ടെന്ന് ശുപാർശ*?️പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കാൻ നഗരപരിധിയിൽ സ്ഥലം കണ്ടെത്തുന്നത് സംസ്ഥാന സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്ക്കാരത്തെക്കുറിച്ച് പഠിച്ച വി.എസ്. സെന്തിൽ അധ്യക്ഷനായ സമിതി. സ്ഥലപരിമിതിയുള്ളതിനാൽ, പാളയത്തു നിന്ന് 5 കിലോമീറ്റർ അകലെ സ്ഥലം കണ്ടെത്തി സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്ക്കാര കമ്മിഷന്‍റെ ശുപാർശ നിലവിൽ നടപ്പാക്കേണ്ടതില്ലെന്നാണ് സമിതി നിര്‍ദേശം.*ഓണം ഘോഷയാത്രയിലേക്ക് ഗവർണർക്ക് സർക്കാരിന്‍റെ ക്ഷണം*?️ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്‍റെ ക്ഷണം. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.

*സപ്ലൈകോയിൽ സാധനങ്ങളില്ലെന്നത് കുപ്രചരണം: മുഖ്യമന്ത്രി*?️സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.*ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ടു ഹാജരാകണം*?️ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്നു പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിയ കോടതി മോഹൻലാൽ അടക്കമുള്ള പ്രതികളോട് നവംബർ മൂന്നിന് ഹാജരാകാനാണു നിർദേശിച്ചിരിക്കുന്നത്. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതു പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.*കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസ് പിടിയിൽ*?️കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്‍റെ പിടിയിലായി. കോട്ടയം സിഎൻഐ എൽ.പി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി. ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻസ് ബ്യൂറോ കോട്ടയം എസ്‌പി വി.ജി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

*മുട്ടിൽ മരംമുറി കേസ്*?️മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്‌പി. അനാവശ്യ ബഹളമുണ്ടാക്കി പ്രതികൾ അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

*രാഹുൽ അമേഠിയിൽ മത്സരിക്കും*?️വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരേ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരരംഗത്തെത്തുന്നതോടെ കോൺഗ്രസ് പ്രവർത്തകർ സജീവമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

*ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു*?️ബിഹാറിലെ അരാറയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. ദൈനിക് ജാഗരൺ ദിനപത്രത്തിലെ ബിമൽകുമാർ യാദവാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിമൽ കുമാറിന്‍റെ സഹോദരൻ ശശിഭൂഷൺ യാദവ് നാലു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലുപേരാണ് കൊലനടത്തിയതെന്നു പൊലീസ് പറഞ്ഞു. നെഞ്ചിൽ വെടിയേറ്റ ബിമൽ തൽക്ഷണം മരിക്കുകയായിരുന്നു.*പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് സെമിയിൽ*?️വേൾഡ് ചെസ് ചാംപ്യൻഷിപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ കൗമാര ചെസ് പ്രതിഭ ആർ. പ്രജ്ഞാനന്ദ. ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനു ശേഷം ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ.ബഗുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എരിഗേസി അർജുനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. സെമിയിൽ അമെരിക്കയുടെ ഫാബിയാനോ കാരുവാനയുമായായിരിക്കും പ്രജ്ഞാനന്ദ ഏറ്റുമുട്ടുക. ഇതോടെ 2024ലെ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ പ്രജ്ഞാനന്ദ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

*ദ്യുതി ചാന്ദിന് 4 വർഷത്തെ വിലക്ക്*?️രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ താരം ദ്യുതി ചാന്ദിന് 4 വർഷത്തെ വിലക്കേർപ്പെടുത്തി നാഡാ. കഴിഞ്ഞ ഡിസംബറിൽ നടത്തിയി പരിശോധനയിൽ ഉത്തേജക മരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഈ വർഷം ജനുവരി മുതൽ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്.

*ഗോൾഡ് റേറ്റ്*ഗ്രാമിന് 5410 രൂപപവന്റെ വില 43280 രൂപ