മലയോരമേഖലയിൽ മുള കൃഷിയുമായി വനംവകുപ്പ്; എതിർപ്പുമായി കിഫ.

വനാതിർത്തി പ്രദേശങ്ങളിൽ മുള നട്ടുപിടിപ്പിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. കാട്ടാന ഉൾപ്പെടെ വന്യജീവി ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലാണ് വനം വകുപ്പ് മുള കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കിഫ ആരോപിച്ചു. മേഖലയിൽ മുള നടുന്നതിന് തൈകളുമായി വനം വകുപ്പ് വന്നാൽ തടയുമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നെല്ലിയാമ്പതി വനം റേഞ്ചിനു കീഴിൽ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനിൽപെട്ട തളിപ്പാടം ,കരിമ്പാറ, നിരങ്ങൻപാറ ,കൽച്ചാടി ,മരുതഞ്ചേരി, പൂഞ്ചേരി, ചള്ള, ഓവു പാറ, നേർച്ചപ്പാറ വരെയുള്ള മലയോരങ്ങളിലാണ് മുള നട്ടു പിടിക്കാൻ നട്ടുപിടിപ്പിക്കാൻ വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സമാനരീതിയിൽ വനം വകുപ്പ് മുള നട്ട് പിടിപ്പിച്ച എലവഞ്ചേരി, കൊല്ലങ്കോട്, വയനാട്, മലമ്പുഴ മേഖലകളിലെ പ്രശ്നങ്ങളും കിഫ യോഗത്തിൽ ചൂണ്ടിക്കാട്ടി. കാട്ടാനകൾക്ക് തീറ്റയ്ക്കായാണ് മുള കൃഷി നടത്താൻ വനംവകുപ്പിന്റെ പദ്ധതി. കഴിഞ്ഞ കുറേ വർഷങ്ങളായി തുടർച്ചയായി ഈ മേഖലകളിൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി തെങ്ങുകളും കമുകുകളും ,വാഴകളും,വേലികളും നശിപ്പിച്ച് ഭീതി പരത്തി കൊണ്ടിരിക്കുന്നതിനിടയിലാണ്. ഇതിന് വനം വകുപ്പ് പരിഹാരം കാണാതിരിക്കുന്നതിനിടിയിലാണ് പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്. പ്രാണരക്ഷാർത്ഥം പല കർഷകരും കൃഷി ഉപയോഗിച്ചും കൃഷിസ്ഥലം തരിശിട്ടും വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിൽ താമസം ആരംഭിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് ഇത്തരം കാടൻ പദ്ധതി നടപ്പിലാക്കുന്നത്.
രണ്ടുവർഷം മുമ്പ് കാട്ടുമൃഗങ്ങൾക്ക് കുടി വെള്ളത്തിനായി പഞ്ചായത്ത് തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച് ജനവാസ മേഖലയ്ക്ക് സമീപം കുളം കുഴിക്കുന്ന പദ്ധതി കർഷകരുടെയും മലയോരവാസികളുടെയും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയുണ്ടായി.
അതേ സ്ഥലത്ത് തന്നെ ആനയുടെ ഇഷ്ടഭക്ഷണമായ മുള വച്ചുപിടിപ്പിച്ചാൽ ആനയും മാനും പന്നിയും ഒരിക്കലും ഉൾക്കാടുകളിലേക്ക് പോവുകയില്ല. മാത്രമല്ല ഇത്തരം മൃഗങ്ങളെ ഭക്ഷണമാക്കാൻ കടുവയും പുലിയും കൂടുതൽ വന്നുചേരും. അവ വംശവർദ്ധനവിലൂടെ ജനജീവിതത്തേയും കൃഷിയെയും കൂടുതൽ അപകടകരമാക്കും.
കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. അബ്ബാസ്, ഡോ. സിബി സക്കറിയ, രമേശ് ചേവക്കുളം, സന്തോഷ് അരിപ്പാറ, മോഹൻ തോട്ടത്തിൽ, അബ്ദുൽ റഹ്മാൻ മരുതഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗം വനം വകുപ്പ് പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പു നൽകി. വനമേഖലയോട് ചേർന്ന് മുള കൃഷി പദ്ധതി ഉപേക്ഷിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കർഷകരുടെ ആശങ്ക പങ്കുവെച്ച് ഡോ സിബി സക്കറിയ നെന്മാറ ഡിഎഫ്ഒ യുമായി ഫോണിൽ ചർച്ച നടത്തി ആശങ്ക പങ്കുവെച്ചു. മലയോരമേഖലയിൽ നിന്നും അഞ്ചു കിലോമീറ്റർ ഉൾവനത്തിലേക്ക് മാറ്റിനടാനും ആവശ്യപ്പെട്ടു.