ക്ലാസിൽ ദിവസവും പത്രം വായിക്കണം, ചർച്ചചെയ്യണം; സ്കൂളുകൾക്ക് സർക്കാർ മാർഗരേഖ ഗ്രേസ് മാർക്ക് നൽകും.

 സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു

ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. ഈ വർഷം അക്കാദമിക ഗുണമേന്മാവർഷമായി ആചരിക്കാനാണ് മാർഗരേഖ. ഓരോ സ്കൂളും തനത്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പരിപാടികൾ ആസൂത്രണംചെയ്യണം. എൽപിയിലും യുപിയിലും കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗരചന തുടങ്ങിയ കഴിവുകൾ മൂല്യനിർണയത്തിൽ വിലയിരുത്തും. മാതൃഭാഷയ്ക്കുപുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഉയർന്ന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും മാർഗരേഖ നിർദേശിച്ചു. പത്രവായനയ്ക്ക് പത്തുമാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

വായനയ്ക്കുള്ള നിർദേശങ്ങൾ

പ്രതിദിനം ക്ലാസുകളിൽ ഗ്രൂപ്പായി പത്രവായന നടത്തുക, ചർച്ചചെയ്യുക, ഉച്ചാരണശുദ്ധിയോടെ വായിക്കാൻ അവസരമൊരുക്കുക, സ്കൂൾ ലൈബ്രറിയിലെ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാൻ പ്രോത്സാഹിപ്പിക്കുക, ആഴ്ചയിൽ ഒരു പുസ്തകം വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.