
കനത്ത മഴ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ മേഖലയിൽ കനത്ത മഴപെയ്തു. പോത്തുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി 123 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചു. രണ്ടുദിവസമായി വെള്ളം മുങ്ങി നിന്ന നെൽപ്പാടങ്ങളിലെ നെൽച്ചെടികൾ ചീഞ്ഞുതുടങ്ങി. മരുതഞ്ചേരിയിൽ വരമ്പുകളിൽ പറിച്ചു സൂക്ഷിച്ച ഞാറ്റടികൾ പാടങ്ങൾ വെള്ളം മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയി. തോടുകൾ കവിഞ്ഞൊഴുകിയും വരമ്പുകൾ പൊട്ടിയും വ്യാപക നാശം. തകർന്ന വരമ്പുകളും തോടുകളും പുനർനിർമ്മിക്കാൻ പതിനായിരങ്ങളുടെ ചെലവ് വരുമെന്ന് കർഷകർ പറഞ്ഞു.
നെൽകൃഷി മേഖലയ്ക്ക് കനത്ത നാശം.
മെയ് അവസാനം തയ്യാറാക്കിയ ഞാറ്റടികൾ നശിച്ചതിനെ തുടർന്ന് വീണ്ടും വിത്തുപാകിയ ഞാറ്റടികളും മിക്ക പാടശേഖരങ്ങളിലും നശിച്ചു. കനത്ത മഴയിൽ അയിലൂർ പഞ്ചായത്തിലെ പുത്തൻതറ, ആലംബള്ളം, മരുതഞ്ചേരി, നെന്മാറ പഞ്ചായത്തിലെ അകമ്പാടം, ചെമ്മന്തോട്, ചാത്തമംഗലം മേഖലയിലെ നെൽപ്പാടങ്ങളും വെള്ളം മുങ്ങി. കനത്ത മഴ തുടരുന്നതിനാൽ നെൽപ്പാടങ്ങളിലെ വെള്ളം താഴാത്തതിൽ കർഷകർ ആശങ്ക പ്രകടിപ്പിച്ചു. വരമ്പുകൾ പുനർനിർമ്മിക്കാനും കൃഷി നശിച്ചവർക്കും ധനസഹായവും കാലാവസ്ഥാ ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് വിവിധ പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.