തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.