പാലക്കാട്*: വാണിയംകുളത്ത് കിണറിനുള്ളിൽ സ്ഫോടനം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിഭായിയുടെ പറമ്പിലെ കിണറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പെട്ടെന്ന് കിണറ്റിനുള്ളിൽ നിന്നും വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂര തകർന്നു. വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. ആറോളം വീടുകളുടെ ജനൽ ചില്ലുകൾ ആണ് തകർന്നത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ്, അഗ്നിശമന സേന, ബോംബ് സ്‌ക്വാഡ് എന്നിവർ സ്ഥലത്ത് എത്തി. സ്‌ഫോടനത്തിന് കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.