പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ടാംവിളയുടെ നെല്ലു വിലയായി കർഷകർക്ക് കിട്ടാനുള്ളത് 311.95 കോടി. കഴിഞ്ഞ രണ്ടാം വിള നെല്ല് സപ്ലൈകോ സംഭരിച്ച വകയിലാണ് ഇത്രയും രൂപ കർഷകർക്ക് ലഭിക്കാനുള്ളത്. ഒന്നാം വിള നെൽകൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും കഴിഞ്ഞ രണ്ടാം വിളയിലെ നെൽവില കിട്ടാത്തതിനാൽ കടബാധ്യതയിലായിരിക്കുകയാണ് കർഷകർ. കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകൾ, ഉഴവു കൂലി, വിത്ത്, വളം, പണിക്കൂലി, തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണപണയ വായ്പ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വരെ ആശ്രയിക്കുകയാണ് കർഷകർ. മാർച്ച് അവസാനത്തോടെ കൊയ്ത്തു കഴിയുകയും ഏപ്രിലിൽ തന്നെ സപ്ലൈകോ നെല്ല് സംഭരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ബാങ്കുകൾക്ക് കിട്ടാനുള്ള കുടിശ്ശികയുടെയും പലിശ വർദ്ധനയുടെയും പേരിൽ കനറാ ബാങ്ക് മുഖേന റജിസ്റ്റർ ചെയ്ത കർഷകർക്ക് പി. ആർ. എസ്. ( നെല്ല് സംഭരണ തൂക്കം രേഖപ്പെടുത്തിയ രസീത്). മുഖേനയുള്ള വില വിതരണം ഒരു മാസത്തോളം വൈകിച്ചു. ഏപ്രിൽ 15 വരെയുള്ള നെല്ലുവിലയാണ് കനറാ ബാങ്ക് ഇപ്പോൾ നൽകുന്നത്. എന്നാൽ സ്റ്റേറ്റ് ബാങ്ക് മുഖേനയുള്ള നെല്ലുവില വിതരണം മെയ് ആദ്യവാരം നിർത്തിവച്ചതും കർഷകർക്ക് ദുരിതമായി. ബാങ്കുമായി ചർച്ച പുരോഗമിക്കുന്നുണ്ടെന്ന് പറയുന്നെങ്കിലും ഒരു മാസത്തോളമായി നെല്ല് വിലവിതരണം നിലച്ചിട്ട്. നാളിതുവരെ നെല്ലുവില ഇനത്തിൽ 74.39 കോടി രൂപയാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് വിതരണം നൽകിയിരിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയിൽ സപ്ലൈകോയ്ക്ക് കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് എന്നീ രണ്ടു ബാങ്കുകൾ മാത്രമാണ് ഇപ്പോൾ വായ്പ നൽകുന്നത്. എന്നാൽ സർക്കാറിന് നൽകുന്ന വായ്പയ്ക്ക് ബാങ്കുകാർ കർഷകരിൽ നിന്ന് ലോൺ അപേക്ഷ എഴുതി വാങ്ങി കടക്കാരാക്കുന്നു. ഇതുമൂലം ഉന്നത വിദ്യാഭ്യാസ പ്രവേശന സമയമായതിനാൽ രക്ഷിതാക്കളുടെ സിബിൽ സ്കോർ കണക്കാക്കി കടബാധ്യത മൂലം ചില ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിക്ഷേപ നിഷേധിക്കുന്നതായും കർഷകർ പരാതിപ്പെട്ടു. സപ്ലൈകോ നെല്ല് സംഭരിച്ച ആകെ കർഷകരിൽ 20 ശതമാനം പേർക്ക് മാത്രമാണ് രണ്ടാംവിള നെല്ല് വില വിതരണം നടത്തിയിട്ടുള്ളൂ എന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. നെല്ല് വില വിതരണം അനിശ്ചിതമായി നീളുന്നതിൽ കാർഷികമേഖലയിൽ സർക്കാരിനെതിരെ അമർഷം രൂക്ഷമാവുകയാണ്. പല കർഷകരുടെയും നെല്ല് സപ്ലൈകോയും മില്ലുകാരും തമ്മിലുള്ള സാങ്കേതിക കാരണം പറഞ്ഞ് സംഭരിക്കാൻ തന്നെ ഏറെ വൈകിയിരുന്നു.