പോക്‌സോ കേസ്; പ്രതിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ് പന്ത്രണ്ട് വയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ യുവാവിന് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ മുഹമ്മദ് ബഷീറിനെ (41) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മനോജ് ശിക്ഷിച്ചത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബഷീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രതിയുടെ സമ്മര്‍ദ്ദത്തില്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയായിരുന്നു.

2019 ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം പെണ്‍കുട്ടി കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെത്തി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ സമയങ്ങളിലെല്ലാം പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. കേരളത്തില്‍ രണ്ടാമത്തെ വലിയ പോക്സോ ശിക്ഷയാണിത്. പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ പ്രതിയെ 104 വര്‍ഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും കൂടിയ ശിക്ഷ. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സപെക്ടറായിരുന്ന ഇ അനൂപ് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യുഷനായി സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.