നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവം; നഴ്‌സിന് സസ്‌പെന്‍ഷന്‍

പാലക്കാട് 5 ദിവസം പ്രായമായ നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. പിരിയാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ വാക്‌സിന്‍ കുഞ്ഞിന് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജനനത്തിന്റെ അഞ്ചാം ദിവസം നല്‍കുന്ന BCG വാക്‌സിന്‍ എടുക്കാന്‍ എത്തിയ പാലക്കാട് പിരായിരി സ്വദേശികളായ നാദിര്‍ഷാ – സിബിനിയാ ദമ്പതികളുടെ നവജാത ശിശുവിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് അധിക വാക്‌സിന്‍ നല്‍കിയത്. കയ്യിലെടുക്കേണ്ട കുത്തിവെപ്പിന് പുറമേ രണ്ട് കാലുകളിലും നഴ്‌സ് കുത്തിവെപ്പെടുത്തു. ഇതിന് പുറമെ രണ്ട് തരം തുള്ളിമരുന്നും കുഞ്ഞിന് നല്‍കി. ഇതില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പി.എച്ച്.സിയിലെ സീനിയര്‍ ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് ഗുരുതര പിഴവ് പുറത്തറിഞ്ഞത്. ഇതോടെ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് പിതാവ് പറയുന്നു.
കടുത്ത പനി അനുഭവപ്പെട്ട കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ കുറിപ്പില്‍ അധികമായി 5 വാക്‌സിന്‍ നല്‍കിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ജില്ലാ ആശുപത്രിയില്‍ നിന്നും പിഴവ് ശരിവെക്കുന്ന റിപ്പോര്‍ട്ടും DMO ക്ക് കൈമാറി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് DMOക്ക് നേരിട്ട് എത്തി പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാരുലതയെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.