നെല്ലിയാമ്പതിയിൽ തൊഴിലാളികളുടെ പാടി കാട്ടാന തകർത്തു.

നെല്ലിയാമ്പതി പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാടിയിലെ ആൾതാമസം ഇല്ലാത്ത വീടിനെയാണ് കാട്ടാന തകർത്തത്. വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത് തള്ളി താഴെയിട്ടു. ഏതാനും മാസങ്ങൾ മുമ്പ് വരെ ഈ പാടിയിൽ ആൾ താമസം ഉണ്ടായിരുന്നു. സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് പാടിയും ഭാഗികമായി തകർത്തതെന്ന് ഡയറി പാടിയിൽ താമസിക്കുന്ന തൊഴിലാളികൾ പറഞ്ഞു. വർഷകാലത്തും ചക്ക സീസണിലും കാട്ടാനകൾ പ്രദേശത്ത് വരാറുണ്ടെങ്കിലും ചക്കയോ ഫലവൃക്ഷങ്ങളിലെ കായകളോ ഭക്ഷിച്ച് വീടുകളെ ആക്രമിക്കാതെ പോവുകയാണ് പതിവ്. പാടികളുടെ ജനലും വാതിലും തകർക്കുന്നത് ആദ്യമായാണ്. വീടുകളിലെ ജനലും വാതിലും തകർത്തത് ചെറിയ കുട്ടികളുമായി പ്രദേശത്ത് താമസിക്കുന്നവരെ ഭീതിയിലാക്കി.