
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വലയുന്നു. മലയോരമേഖലയിലുള്ളവർപോലും എത്തുന്ന ആശുപത്രിയിലാണ് ചികിത്സ തേടിയെത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതി. ഇതോടെ പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ റഫറൽ ആശുപത്രി കൂടിയായ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ കുറവുള്ളത്. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂപ്രണ്ടുകൾ ഉൾപ്പെടെ 10 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. മൂന്നുമാസമായി രണ്ട് അസി. സർജൻമാരില്ല. ഉന്നത പഠനത്തിനായി രണ്ടു ഡോക്ടർമാർകൂടി അടുത്തിടെ അവധിയെടുത്തു. നിലവിലുണ്ടായിരുന്ന ഒരു ഡോക്ടറെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ അഞ്ചു ഡോക്ടർമാരുടെ കുറവുണ്ടായത്. നിലവിലുള്ള അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറുമുള്ള അത്യാഹിതവിഭാഗത്തിലും ഒ.പി. യിലും പരിശോധന നടത്തുന്നത്. പ്രതിദിനം 700-ലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.നിലവിലുള്ള ഡോക്ടർമാരെക്കൊണ്ട് മുഴുവൻ സമയം പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായതോടെ രാത്രികാല പരിശോധന നിർത്തേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശേഷിക്കുന്ന അഞ്ചു ഡോക്ടർമാരിൽ ഒരാൾ രാത്രി ഡ്യൂട്ടി എടുത്താൽ പകൽ നാലുപേരുടെ സേവനമേ പലപ്പോഴും ലഭിക്കുകയുള്ളൂ. കൂടാതെ ശേഷിക്കുന്നവരിൽ ആരെങ്കിലും ലീവ് എടുക്കുകയോ ഔദ്യോഗിക മീറ്റിങ്ങുകൾക്കായി പോകേണ്ടി വരികയോ ചെയ്താൽ പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനമായി ചുരുങ്ങുന്നു. ഇതുമൂലം പകൽസമയം ഒ.പി.യിൽ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നതുമൂലം പലപ്പോഴും വാക്കു തർക്കങ്ങൾക്കും ബഹളങ്ങൾക്കും വഴിവയ്ക്കുന്നു. ഒ. പി.യിൽ ഉള്ള ഡോക്ടർമാർ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയും നോക്കേണ്ടതിനാൽ പലപ്പോഴും ഓപിയിലുള്ളവരുടെ ക്ഷമ പരിശോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ഉച്ചഭക്ഷണം സമയം കഴിഞ്ഞിട്ടും പലർക്കും ഡോക്ടറെ കാണാൻ കഴിയാത്തതും ജീവനക്കാരും രോഗികളും തമ്മിൽ സംഘർഷത്തിനും വഴിവയ്ക്കുന്നു. പരിശോധനയ്ക്ക് കൂടുതൽ സമയമെടുത്താൽ ഒ. പി. ക്യൂവിൽ ഉള്ള രോഗികളുടെ കൂടെയുള്ളവർ വഴക്കിടുന്നത് പതിവാകുന്നു.