നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പഞ്ചായത്ത് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ആർഎസ്പി യുടെ പഞ്ചായത്ത് അംഗമായ പി. സഹനാഥനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഇത് സംബന്ധിച്ച് പാടഗിരി പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം പി. സഹനാഥനെതിരെ പോലീസ് കേസെടുത്തു. പി. സഹനാഥനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പാടഗിരി പോലീസ് പറഞ്ഞു. പാടഗിരി പോലീസ് കേസടുത്തതിനെ തുടർന്ന് ആർ. എസ്. പി. യുടെ പഞ്ചായത്ത് അംഗമായ പി. സഹനാഥനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ. രാജൻ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരി നെല്ലിയാമ്പതി പഞ്ചായത്ത് വനിതാ ഫോറത്തിൽ പരാതി നൽകിയെന്നും പരാതി പോലീസിന് കൈമാറാതെ ക്ഷമാപണം നടത്തി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും ബി.ജെ.പി അംഗം എസ് ഈശ്വരൻ ആരോപിച്ചു. ഇത് സംബന്ധിച്ച പഞ്ചായത്ത് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ എസ്. ഈശ്വരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും പഞ്ചായത്ത് ജീവനക്കാർക്കെതിരെ കേസെടുത്തില്ല.

ജീവനക്കാരി ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് അപ മര്യാതയായി പെരുമാറി എന്നതിന് പോലീസ് കേസെടുത്തില്ല. തൊട്ടടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ജീവനക്കാരി പരാതി കൊടുത്തതോടെ ആരോപണ വിധേയനായ ആർ. എസ്. പി. അംഗം പി. സഹനാഥൻ പോലീസിന് പിടികൊടുക്കാതെ മുങ്ങിയെന്നും പറയുന്നു. പോലീസിൽ പരാതി ലഭിച്ചിട്ടും ആർ.എസ്. പി. അംഗത്തിനെതിരെ നടപടി സ്വീകരിക്കാൻ വൈകിയത് പ്രതിയെ രക്ഷപ്പെടാൻ വഴിയൊരുക്കിയതാണെന്ന് ബി.ജെ.പി. പഞ്ചായത്ത് അംഗം എസ്. ഈശ്വരൻ ആരോപിച്ചു.