തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥലവും വീടും കൈക്കലാക്കി. പാലക്കാട് വടകരപ്പതി ഗ്രാമപ്പഞ്ചായത്ത് അംഗത്തിൽനിന്ന് തിരിച്ചുപിടിക്കാനാണ് കളക്ടറുടെ ഉത്തരവ്. 

കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പിൻ്റെ പദ്ധതിയിൽനിന്ന് പഞ്ചായത്തംഗം സ്ഥലവും വീടും സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാൻ പാലക്കാട് കളക്ടർ ഉത്തരവിട്ടു. പാലക്കാട് ചിറ്റൂർ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലാണ് തട്ടിപ്പുനടന്നത്. പഞ്ചായത്തംഗം മഞ്ജുളാദേവിക്കെതിരെയാണ് നടപടി. ഭരണമുന്നണിയിൽപ്പെട്ട ആർബിസിയുടെ സ്വതന്ത്ര അംഗമാണ് എം. മഞ്ജുളാദേവി. പ്രദേശവാസിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. 2017-ലാണ് സംഭവം നടന്നത്. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിന് പട്ടികജാതി വികസനവകുപ്പിന്റെ ഭൂരഹിത പുനരധി വാസ പദ്ധതിപ്രകാരം ഭൂമി വാങ്ങുന്നതിന് 3,75,000 രൂപയും ഭവന നിർമാണത്തിന് നാലുലക്ഷം രൂപയുമാണ് മഞ്ജുളാദേവിയുടെ പേരിൽ കൈപ്പറ്റിയത്. ഇവർക്ക് ആനുകൂല്യം നൽകിയതിനെതിരേ 2018 ൽ അന്നത്തെ യൂത്ത് കോൺഗ്രസ്സ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന  എം. രതീഷ് ബാബു നൽകിയ പരാതിയിലാണ് അഴിമതി പുറത്തു വരുന്നത്. തുടർന്ന് പ്രദേശവാസിയായ വിൻസൻ്റ് സേവിയർ അന്നത്തെ ജില്ലാ കളക്ടർക്ക് പരാതി നൽ കുകയായിരുന്നു. കളക്ടർ പരാതി അന്വേഷിക്കാൻ ചിറ്റൂർ തഹസിൽദാരെ ചുമതലപ്പെടുത്തി. തഹസിൽദാർ നടത്തിയ അന്വേഷണത്തിലാണ് മഞ്ജുളാദേവിക്ക് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുണ്ടെന്നും വില്ലേജ് ഓഫീസർ അനുവദിച്ച സർട്ടിഫിക്കറ്റ് തെറ്റാണെന്നും ബോധ്യപ്പെട്ടത്. ആനുകൂല്യം കൈപ്പറ്റിയ സമയത്ത് മഞ്ജുളാദേവിയുടെ ഭർത്താവ് വടകരപ്പതി പഞ്ചായത്തംഗമായിരുന്നു.