പാലക്കാട് ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.

ചിറ്റൂർ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം നാളെ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽനിന്ന് 70.51 കോടി രൂപ വിനിയോഗിച്ചാണ് ഫർണിച്ചറുകളും  ഉപകരണങ്ങളുമുൾപ്പെടെ ആറുനിലകളിലായി പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. അത്യാഹിതം, ഇഎൻടി, ഓർത്തോപീഡിക്, ഒഫ്‌താൽമിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളും 220 കിടക്കകളുമാണ് പുതിയകെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഓക്സിജൻ സിലിൻഡറുകൾ ഉപയോഗിക്കുന്നതിനു പകരമായി പൈപ്പ്‌ലൈനിലൂടെ ഓക്സിജനെത്തുന്ന സംവിധാനമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, രണ്ട് ഡിജിറ്റൽ എക്സ്റേ യൂണിറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. ഐസിയു, ഡയാലിസിസ് യൂണിറ്റ്, സ്ലാൻ സെന്റർ, വാർഡ്, ലാബ്, സൂപ്പർ സ്പെഷ്യാലിറ്റി ഒപികൾ തുടങ്ങിയവയും ഒരുക്കും. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾക്കൊപ്പം മോർച്ചറിയിൽ ഒരേസമയം ആറു മൃതദേഹങ്ങൾവരെ സൂക്ഷിക്കാൻ സാധിക്കും. നാലുകോടി രൂപ ചെലവിൽ പൂർത്തിയാക്കിയ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.