ഈയാഴ്ച നാല് ദിവസങ്ങളിലായി ഏഴ് ട്രെയിനുകള്‍ക്ക് നേരെയാണ് സംസ്ഥാനത്ത് കല്ലേറുണ്ടായത്. സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമില്ലെന്നാണ് റെയില്‍വെ സംരക്ഷണ സേനയുടെ വിലയിരുത്തല്‍.
ഏറ്റവുമൊടുവില്‍ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.45ഓടെ ട്രെയിന്‍ തലശ്ശേരിക്കും മാഹിയ്ക്കും ഇടിയിലൂടെ സഞ്ചരിക്കവെയായിരുന്നു ഏറ്. സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ – യശ്വന്ത്പൂര്‍ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രാത്രി 8.15ഓടെ കോഴിക്കോടിനും കല്ലായിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറ്. തിങ്കളാഴ്ച കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ വെച്ചും കല്ലേറുണ്ടായി. രാവിലെ 11.20ഓടെ നിസാമുദ്ദീന്‍ – എറണാകുളം തുരന്തോ എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്.