19 സീറ്റുവരെയുളള വാടക വാഹനങ്ങളിൽ ക്യാമറ ഒഴിവാക്കി! കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ മോട്ടോർ വാഹനവകുപ്പിനും വകുപ്പുമന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്ക് (കോൺട്രാക്ട് കാരിയേജ്) ഫിറ്റ്നസ് ലഭിക്കാൻ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിൽനിന്ന് മോട്ടോർവാഹന വകുപ്പ് ചെറിയ വാഹനങ്ങളെ ഒഴിവാക്കി. എട്ടുമുതൽ 19 വരെ സീറ്റുള്ള വാഹനങ്ങളെയാണ് ഒഴിവാക്കിയത്. പ്രായോഗിക ബുദ്ധിമുട്ടുകളും വാഹന ഉടമകളുടെ പരാതിയും കണക്കിലെടുത്താണിത്. നിലവിൽ ടെസ്റ്റ് മുടങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ടെസ്റ്റ് നടത്തി ഫിറ്റ്നസ് നേടാം.
ഇന്നോവ, ടെമ്പോ ട്രാവലർ, ബസ് തുടങ്ങി എട്ടുമുതൽ 49 സീറ്റുവരെയുള്ള വാഹനങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാമറ സ്ഥാപിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയത്. വാഹനത്തിനകത്തും മുന്നിലും പിന്നിലുമാണ് ക്യാമറ സ്ഥാപിക്കേണ്ടത്. എന്നാൽ, ക്യാമറയ്ക്കുള്ള ചെലവ് താങ്ങാനാവില്ലെന്നും യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നുമറിയിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ മോട്ടോർ വാഹനവകുപ്പിനും വകുപ്പുമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ചെറിയ വാഹനങ്ങൾക്ക് ഇളവ് നൽകിയത്. ക്യാമറ സ്ഥാപിക്കുന്നതിൽനിന്ന് വലിയ വാഹനങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉടമകളും ഡ്രൈവർമാരുടെ സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. ക്യാമറയ്ക്കും അനുബന്ധ സംവിധാനങ്ങൾക്കുമായി 17,000 രൂപവരെ ചെലവ് വരുമെന്നാണ് ഉടമകൾ പറയുന്നത്. എന്നാൽ, യാത്രക്കാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വാദം.