വാർത്താകേരളം
[17.08.2023]
എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കും
?️എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. ഇതിനോട് അപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയുണ്ടായി.
അതിദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യയാത
?️അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി
?️കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണം: ഹൈക്കോടതി ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണമെന്നാണ് കോടതി നിർദേശം. ജൂലൈ മാസത്തെ പെൻഷനും ഉടൻ നൽകണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സർക്കാർ നൽകിയാൽ ശമ്പളം മുഴുവൻ നൽകാനാകുമെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്.
ആറു ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്
?️ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും.
പിഎംഇ ബസ് സേവാ പദ്ധതി
?️രാജ്യത്തെ പൊതുഗതാഗത രംഗം വൈദ്യുത വാഹനങ്ങളിലേക്കു മാറ്റാനുള്ള സുപ്രധാന ചുവടുവയ്പ്പായി പിഎം ഇ ബസ് സേവാ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 169 നഗരങ്ങളിലായി 10,000 ഇ-ബസുകൾ വിന്യസിക്കുന്നതാണു പദ്ധതി. പൊതുഗതാഗത രംഗത്ത് വൈദ്യുതീകരണ മുന്നേറ്റം സാധ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കുർ അറിയിച്ചു.
സ്ത്രീ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെ
?️സ്ത്രീകളെ കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകൾപൊളിച്ചെഴുതുന്നത് കൂടിയാണ് സുപ്രീംകോടതി പുറത്തിറക്കിയ ലിംഗവിവേചനത്തിന് എതിരായ കൈപ്പുസ്തകം. അതിവൈകാരിക സ്വഭാവമുള്ളവരാണ് സ്ത്രീകളെന്ന കാഴ്ച്ചപ്പാട് അബദ്ധമാണെന്ന് പുസ്തകത്തിൽപറയുന്നു. സ്ത്രീയാണോ പുരുഷനാണോ എന്ന വസ്തുതയും യുക്തിസഹമായി തീരുമാനങ്ങൾഎടുക്കാനുള്ള കഴിവും തമ്മിൽബന്ധമില്ലെന്നാണ് വിശദീകരണം.
ചങ്ങനാശ്ശേരിയിൽ യുവാവിന്റെ മരണം
?️മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര ചെത്തിക്കാട് വീട്ടിൽ ലിൻസൺ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശബരി (21) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഗീയതയെ കൂട്ടുപിടിക്കുന്ന യുഡിഎഫ്:എം വി ഗോവിന്ദൻ
?️പഞ്ചായത്ത് പ്രസിഡന്റാകാൻപോലും വർഗീയതയെ കൂട്ടുപിടിക്കുന്ന യുഡിഎഫ് മണിപ്പുരിന്റെയും ഹരിയാനയുടെയും അനുഭവം മനസ്സിലാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി മണർകാട് ചേർന്ന നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിനീരിൽ വിഷം കലക്കുന്ന അനുഭവമാകും സമൂഹത്തിൽ വർഗീയത പടർത്തിയാൽ ഉണ്ടാവുക. ബിജെപിയുമായി സഹകരിക്കുന്നവർ അത് മനസ്സിലാക്കണം.
ആറളത്ത് വീണ്ടും മാവോയിസ്റ്റ്
?️ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ രണ്ട് വീടുകളിലെത്തിയ സംഘം ഭക്ഷണം കഴിച്ച് 10.15ന് കാട്ടിലേക്ക് മടങ്ങി. സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്നാമിലെ മമ്മദ്, ബുഷ്റ എന്നിവരുടെ വീടുകളിലാണ് സംഘം എത്തിയത്. ലാപ്ടോപ് അടക്കം ചാർജുചെയ്ത്, വീണ്ടും വരുമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.
ട്രെയിനിൽ വെടിവെപ്പ്
?️ജയ്പൂർ – മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി ചേതൻ കുമാർ ചൗധരി നിർബന്ധിപ്പിച്ച് ജയ് മാതാ ദി എന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.തോക്കു ചൂണ്ടി നിർബന്ധിപ്പിച്ച് ജയ് മാതാ ദി എന്ന് വിളിപ്പിക്കുകയായിരുന്നുവെന്ന് യുവതി അന്വേഷകസംഘത്തിന് മൊഴി നൽകി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്.
?️പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർഥി.
കയർ-കശുവണ്ടി തൊഴിലാളികളുടെ ബോണസ് പ്രഖ്യാപിച്ചു
?️കയർ,കശുവണ്ടി തൊഴിലാളികളുടെ 2023 ലെ ബോണസ് തീരുമാനിച്ചു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെയും വ്യവസായ മന്ത്രി പി. രാജീവിന്റെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണു തീരുമാനം.
ഹിമാചലിൽ കനത്ത മഴ
?️ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കനത്തമഴയും മണ്ണിടിച്ചിലും രൂക്ഷം. നിരവധി വീടുകൾ തകർന്നു. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്താണ് മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നത്. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതലാണ് ഹിമാചലിൽ മഴ ആരംഭിച്ചത്.